ന്യൂഡല്‍ഹി : യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏരീസ് മറൈന്‍ മാനേജിംഗ് ഡയറക്ടര്‍ പ്രഭിരാജ് നടരാജന് ഫ്രാന്‍സിലെ ഇക്കോള്‍ സുപ്പീരിയര്‍ റോബര്‍ട്ട് ഡി സോര്‍ബന്‍ സര്‍വ്വകലാശാലയുടെ ഹോണററി ഡോക്ടറേറ്റ്. കോര്‍പ്പറേറ്റ് രംഗത്തെ പ്രവര്‍ത്തനമികവ് കണക്കിലെടുത്താണ് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ സര്‍വ്വകലാശാല അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കുന്നത്. വ്യാഴാഴ്ച ന്യൂഡല്‍ഹി ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ സര്‍വ്വകലാശാല അധികൃതര്‍ പ്രഭിരാജിന് ഡോക്ടറേറ്റ് സമ്മാനിച്ചു. 

വിവിധ രംഗങ്ങളില്‍ മികവുറ്റ പ്രകടനം കാഴ്ചവെയ്ക്കുന്നവര്‍ക്ക് 2004 മുതല്‍ സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കി വരുന്നുണ്ട്. വിദഗ്ധരുള്‍പ്പെടുന്ന ജൂറി പാനലാണ് അപേക്ഷകരില്‍ നിന്നും ഡോക്ടറേറ്റിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്. പൂര്‍ണ്ണമായും ഔദ്യോഗിക മേഖലയിലെ പ്രകടനം വിലയിരുത്തിയാണ് ഡോക്ടറേറ്റ് നല്‍കുന്നത്. 150-ലധികം രാഷ്ട്രങ്ങളില്‍ സാന്നിദ്ധ്യമറിയിച്ചിട്ടുള്ള സര്‍വ്വകലാശാലയാണ് ഫ്രാന്‍സിലെ ഇക്കോള്‍ സുപ്പീരിയര്‍ റോബര്‍ട്ട് ഡി സോര്‍ബന്‍.

1998-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഏരീസ് മറൈന്‍ ആന്‍ഡ് എഞ്ചിനീയറിംഗ് സര്‍വ്വീസസിനെ വളരെ ചുരുങ്ങിയ കാലം കൊണ്ട് ഉന്നതിയിലേക്ക് എത്തിക്കുന്നതില്‍ പ്രഭിരാജ് നടരാജന്‍ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. വെറുമൊരു ടെക്നീഷ്യനായി ഏരീസ് മറൈനില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച പ്രഭിരാജ് ഇന്ന് കമ്പനിയുടെ നേതൃനിരയിലെ രണ്ടാമനാണ്. 

ഇന്‍സ്‌പെക്ഷന്‍, മെയിന്റെനന്‍സ് മേഖലകളില്‍ വിപ്ലവകരമായ ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും അദ്ദേഹം നേതൃത്വം നല്‍കി. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ നേവല്‍ ആര്‍കിടെക്ചര്‍ കണ്‍സല്‍ട്ടന്‍സിയാണ് ഏരീസ് മറൈന്‍. മറൈന്‍, വിനോദം, മാധ്യമം, ആരോഗ്യം തുടങ്ങിയ മേഖലകളിലായി 16 രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന 50 കമ്പനികള്‍ ഉള്‍പ്പെടുന്ന വ്യവസായ ശൃംഖലയാണ് ഏരീസ് ഗ്രൂപ്പിന്റേത്. നാലായിരത്തിലധികം ജീവനക്കാര്‍ ഏരീസ് ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്നുണ്ട്.

ഇന്ത്യന്‍ സിനിമയെ ആഗോളനിലവാരത്തിലേക്ക് ഉയര്‍ത്തുക ലക്ഷ്യമിട്ട് വിഭാവനം ചെയ്ത ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍, അനിമേഷന്‍ കമ്പനിയായ ഏരീസ് എപ്പിക്കയുടെ മാനേജിംഗ് ഡയറക്ടര്‍, ഏരീസ് വിസ്മയാസ് മാക്സ്, ഏരീസ് പ്ലക്സ് എസ്.എല്‍ തീയറ്റേഴ്സ്, ഏരീസ് എസ്ട്രാഡോ, എന്നിവയുടെ ഡയറക്ടര്‍, നോണ്‍ റസിഡന്റ് ഇന്‍ഡ്യന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ (നൃപ) സെക്രട്ടറി എന്നീ ചുമതലകളും അദ്ദേഹം വഹിക്കുന്നുണ്ട്. 

ഏരീസ് ഗ്രൂപ്പിന്റെ സാമൂഹ്യപ്രതിബദ്ധത പദ്ധതികളുടെ അമരക്കാരന്‍ കൂടിയായ പ്രഭിരാജ് നടരാജനെ തേടി നിരവധി ദേശീയ അന്തര്‍ ദേശീയ പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്. കായിക-കലാ-സാംസ്‌കാരിക രംഗത്തും സജീവമാണ് അദ്ദേഹം. ഡാം 999 ഉള്‍പ്പടെയുള്ള ഹോളിവുഡ് സിനിമകളുടെ സഹനിര്‍മ്മാതാവായി പ്രവര്‍ത്തിച്ചിട്ടുള്ള പ്രഭിരാജ് നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. കൊല്ലം പുനലൂര്‍ ഐക്കരക്കോണം സ്വദേശി പി.കെ നടരാജന്റെയും, ലളിതാംബികയുടെയും മകനാണ് പ്രഭിരാജ് . ഭാര്യ ദീപ പ്രഭിരാജ്.

Content Highlights :Aries Marine Engineering director Natarajan gets doctorate from france