പ്രിയ വാര്യരെ നായികയാക്കി മലയാളി സംവിധായകനായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. പ്രിയാന്‍ഷു ചാറ്റര്‍ജിയും പ്രിയയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നടന്‍ അര്‍ബാസ് ഖാനും അതിഥി വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോള്‍ ശ്രീദേവി ബംഗ്ലാവിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് അര്‍ബാസ് ഖാന്റെ കാമുകി ഗ്ലോറിയ ആന്‍ഡ്രിയാന. 

ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഷൂട്ടിംഗ് തുടങ്ങാന്‍ കാത്തിരിക്കുകയാണെന്നും ജോര്‍ജിയ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ സിനിമയിലൂടെ ജോര്‍ജിയ അരങ്ങേറ്റം കുറിക്കുന്നതില്‍ സന്തോഷമുണ്ടെന്നാണ് സംവിധായകന്റെ പ്രതികരണം. 

ബോളിവുഡ് നടി മലൈക അറോറയാണ് അര്‍ബാസിന്റെ മുന്‍ഭാര്യ. 1998 ലാണ് അര്‍ബാസും മലൈകയും  വിവാഹിതരാകുന്നത്. ഇരുവര്‍ക്കും പതിനാറ് വയസ്സുള്ള മകനുണ്ട്. 2017 ലാണ് പരസ്പര സമ്മതപ്രകാരം അര്‍ബാസും മലൈകയും വിവാഹമോചിതരാകുന്നത്. തുടര്‍ന്ന് അര്‍ബാസ് ജോര്‍ജിയയുമായും മലൈക നടന്‍ അര്‍ജുന്‍ കപൂറുമായും പ്രണയത്തിലാവുകയായിരുന്നു.

പൂര്‍ണമായും യു.കെയില്‍ ചിത്രീകരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ശ്രീദേവി ബംഗ്‌ളാവ്. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത് എന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് ചിത്രം വിവാദത്തില്‍ അകപ്പെട്ടിരുന്നു. ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ ഇക്കാര്യം കാണിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. പിന്നീട്, ചിത്രത്തിന് നടി ശ്രീദേവിയുടെ ജീവിതവും മരണവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കികൊണ്ട് പ്രിയയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും രംഗത്ത് വന്നു 

Content Highlights  : Arbaaz Khan's girlfriend Giorgia Andriani all set to make her Bollywood debut with Sridevi Bungalow Doirected by Prasanth Mambully starring Priya Prakash Varrier