ബോളിവുഡിലെ ഒരു കാലത്തെ പ്രശസ്ത താരജോടിയായിരുന്നു നടി മലൈക അറോറയും സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാനും. പതിനെട്ടുവര്‍ഷം നീണ്ട ദാമ്പത്യബന്ധം അവസാനിച്ച് ഇരുവരും വേര്‍പിരിഞ്ഞത് ആരാധകരെ നിരാശയിലാഴ്ത്തി. പിന്നീട് അര്‍ബാസ് ജോര്‍ജിയയുമായും മലൈക അര്‍ജുന്‍ കപൂറുമായും അടുക്കുകയും തങ്ങളുടെ പ്രണയങ്ങള്‍ പരസ്യമാക്കുകയും ചെയ്തു. ഇപ്പോള്‍ വേര്‍പിരിയലിന് ശേഷവും മലൈകയുമായി തുടരുന്ന സൗഹൃദത്തെക്കുറിച്ച് അര്‍ബാസിന്റെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിവാഹമോചനത്തെക്കുറിച്ചും മലൈകയുമായുള്ള സൗഹൃദത്തെക്കുറിച്ചും മനസ് തുറന്നത്. 

അര്‍ബാസിന്റെ വാക്കുകള്‍

"ഞങ്ങള്‍ ഒരുപാട് വര്‍ഷം ഒന്നിച്ച് ജീവിച്ചവരാണ്. ഒരുപാട് ഓര്‍മകള്‍ ഒന്നിച്ച് പങ്കുവച്ചവരാണ്. ഏറ്റവും പ്രധാനമായി പറയാനുള്ളത് ഞങ്ങള്‍ക്ക് ഒരു മകനുണ്ട് എന്നതാണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്കിടയില്‍ ബഹുമാനം നിലനില്‍ക്കുന്നുണ്ട്. ചില കാര്യങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നു, അതുകൊണ്ടാണ് പിരിഞ്ഞത്. അതിനര്‍ത്ഥം പരസ്പരം വെറുക്കുന്നു എന്നല്ല. ഞങ്ങളിരുവരും പക്വതയുള്ള വ്യക്തികളാണ്. ഞങ്ങള്‍ ഇതിനെ ബഹുമാനത്തോടെയും അന്തസ്സോടെയുമാണ് സമീപിക്കുന്നത്. 

മലൈകയുമായി മാത്രമല്ല അവരുടെ കുടുംബവുമായും താന്‍ സൗഹൃദം നിലനിര്‍ത്തുന്നുവെന്നും അര്‍ബാസ് വ്യക്തമാക്കി. "മലൈകയുടെ കുടുംബവുമായും ഞാന്‍ നല്ല സൗഹൃദത്തിലാണ്. ഞങ്ങള്‍ക്ക് ഒരു കൂരയ്ക്ക് കീഴില്‍ പരസ്പരം പൊരുത്തപ്പെട്ട് പോകാനാവില്ലെന്ന് തോന്നിയപ്പോള്‍ പിരിയാന്‍ തീരുമാനിച്ചു. മകനാണ് ഞങ്ങളെ ഒരുമിച്ച് നിര്‍ത്തുന്ന ഘടകം അവന്‍ വളര്‍ന്നു വരുമ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെടും." അര്‍ബാസ് പറയുന്നു.

നേരത്തെ വിവാഹമോചനത്തെക്കുറിച്ച് കരീന കപൂര്‍ അവതാരകയായെത്തുന്ന ഒരു ഷോയില്‍ മലൈക തുറന്ന് സംസാരിച്ചിരുന്നു. ആരെയും കുറപ്പെടുത്താന്‍ തയ്യാറല്ലെന്നും അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ബന്ധം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥ വന്നപ്പോള്‍ എല്ലാം അവസാനിപ്പിച്ചുവെന്നും മലൈക പറഞ്ഞു. 

'അതൊരു നിര്‍ണയക ദിവസമായിരുന്നു. എനിക്ക് വിവാഹമോചനം വേണമെന്ന കാര്യം ഞാന്‍ ആദ്യം എന്റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പറഞ്ഞു. 

അങ്ങനെ ചെയ്യരുത് എന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്. ഞങ്ങള്‍ വേര്‍പിരിയുന്നതിന്റെ തലേ ദിവസം രാത്രി എല്ലാവരും ഇതെക്കുറിച്ച് ഒന്നു കൂടി ആലോചിക്കണമെന്ന് പറഞ്ഞു. ''നിന്റെ തീരുമാനത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടോ''?, അവര്‍ ചോദിച്ചു കൊണ്ടേയിരുന്നു. തീരുമാനത്തില്‍ മാറ്റമില്ലെന്ന് പറഞ്ഞപ്പോള്‍ എന്റെ കുടുംബം എനിക്കൊപ്പം നിന്നു'- മലൈക പറഞ്ഞു.

1998 ലാണ് അര്‍ബാസും മലൈകയും  വിവാഹിതരാകുന്നത്. ഇരുവര്‍ക്കും പതിനാറ് വയസ്സുള്ള മകനുണ്ട്. 2017 ലാണ് പരസ്പര സമ്മതപ്രകാരം അര്‍ബാസും മലൈകയും വിവാഹമോചിതരാകുന്നത്.

Content Highlights : Arbaaz Khan on divorce with Malaika Arora