വ്യാജന്മാരാണ് സിനിമയുടെ യഥാർഥ വില്ലൻ. വ്യാജനെ വെട്ടാൻ സകല അടവും പുറത്തെടുക്കാറുണ്ട് അണിയറക്കാർ. എന്നാൽ, നയൻതാര ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് അങ്ങനെയൊരു വാശിയില്ല. വേണമെങ്കിൽ ഇന്റർനെറ്റിൽ വ്യാജനും കണ്ടോളു എന്നാണ് അവരുടെ നിലപാട്. എന്നാൽ ഒരു നിബന്ധന മുന്നോട്ടുവച്ചിട്ടുണ്ട് നിർമാതാക്കളായ കെ.ജെ. ആർ. സ്റ്റുഡിയോസ്.

 ചിത്രം എങ്ങനെ വേണമെങ്കിലും കണ്ടോളു. എന്നാൽ, അത് ഇഷ്ടപ്പെട്ടാൽ ടിക്കറ്റിന്റെ പണം നിർമാതാക്കൾക്ക് ട്രാൻസ്ഫർ ചെയ്തുതരണം. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് വിചിത്രമായ ഈ നിബന്ധന മുന്നോട്ടുവച്ചത്.

നല്ല ചിത്രങ്ങള്‍ ഉണ്ടാകുന്നതിന് പൈറസി തടഞ്ഞ് നിര്‍ത്തുക തന്നെ വേണം. നിങ്ങള്‍ അറം വ്യാജ പതിപ്പ് കാണുകയും ചിത്രം ഇഷ്ടപെട്ടാല്‍ വ്യാജന്‍ കണ്ടതില്‍ കുറ്റബോധം തോന്നുകയുമാണെങ്കില്‍ ടിക്കറ്റിന് വരുന്ന തുക ഞങ്ങള്‍ക്ക് അയച്ചു തരിക. നല്ല ചിത്രങ്ങള്‍ തുടര്‍ന്നും ചെയ്യാന്‍ ഞങ്ങളെ പ്രോത്സാഹിപ്പിക്കുക . മാത്രമല്ല പകര്‍പ്പവകാശം ലംഘിച്ച് ഇത്തരം വ്യാജ പതിപ്പുകള്‍ ഇറക്കുന്ന സൈറ്റുകള്‍ കോപ്പിറൈറ്റ് മീഡിയയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുക -കെ ജെ ആര്‍ സ്റ്റുഡിയോസ് ട്വീറ്റ് ചെയ്തു

aramm

തെന്നിന്ത്യന്‍ താരറാണി നയന്‍താരയുടെ ശക്തമായ വേഷങ്ങളിലൊന്നായി മാറിയിരിക്കുകയാണ് അറം എന്ന ചിത്രത്തിലെ കളക്ടര്‍ വേഷം. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം അരക്കിട്ടുറപ്പിക്കുകയാണ് ഗോപിനയിനാര്‍ സംവിധാനം ചെയ്ത അറത്തിലൂടെ നയന്‍താര. ചിത്രത്തിന്റെ പ്രൊമോഷണല്‍ പരിപാടിക്കായി തിയ്യേറ്ററില്‍ എത്തിയ നയന്‍താരയെ തലൈവി എന്ന വിളികളുമായാണ് ആരാധകര്‍ സ്വീകരിക്കുന്നത്. പുറത്തിറങ്ങി രണ്ട് വാരം പിന്നിടുമ്പോഴും മികച്ച പ്രതികരണങ്ങളുമായി തിയറ്ററുകള്‍ നിറഞ്ഞ സദസ്സിൽ പ്രദര്‍ശനം തുടരുകയാണ് ചിത്രം.

Content Highlights : Aramm Tamil Movie Nayantara Lady super star Pirated Copy TamilRockers KJR Studios