പ്രവാസികള്‍ നിര്‍മിച്ച സിനിമകള്‍ക്കു മാത്രമായി ഫിലിം ഫെസ്റ്റിവല്‍. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് അറേബ്യന്‍ ഫ്രെയിംസ് എന്നപേരില്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കൊച്ചി മെട്രോ എന്ന കൂട്ടായ്മയുടെ ദുബായ് ചാപ്റ്ററാണ് സംഘാടകര്‍. മോഹന്‍ലാല്‍ ചെയര്‍മാനായ കൂട്ടായ്മ യു.എ.ഇയില്‍ ഫിലിം ഫെസ്റ്റിവലുകള്‍ സംഘടിപ്പിച്ച് വരുന്നു. അടുത്തമാസം അവസാന വാരത്തോടെയാകും ഫെസ്റ്റിവല്‍ നടക്കുക. അമ്പതോളം സിനിമകള്‍ പ്രദര്‍ശനത്തിനുണ്ടാകും.

മോഹന്‍ലാല്‍ ചെയര്‍മാനും നടന്‍ രവീന്ദ്രന്‍ ഡയറക്ടറുമായാണ് കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കൊച്ചി മെട്രോ അറേബിയന്‍ ഫ്രെയിംസ് ലക്ഷ്യമിടുന്നത്, പ്രവാസികളായ മലയാളി സിനിമാ പ്രവര്‍ത്തകരെ സാംസ്‌കാരിക കേരളത്തിനു പരിചയപ്പെടുത്തുക എന്നതാണ്. ഫിലിം ഫെസ്റ്റിവല്‍, ഫിലിം ലിറ്ററസി പ്രോഗ്രാമുകള്‍, ചലച്ചിത്ര പഠന ക്യാമ്പുകള്‍ എന്നിവയിലൂടെ പ്രവാസി സിനിമാ പ്രവര്‍ത്തകരെ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പ്രാപ്തരാക്കുക എന്നതും  അറേബിയന്‍ ഫ്രെയിംസിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് സംഘാടകര്‍ പറയുന്നു. 

നഗരസഭയുടെ സഹകരണത്തോടെ 2016 നവംബര്‍ 25, 26, 27 തീയതികളില്‍ പെരിന്തല്‍മണ്ണയിലെ വിസ്മയ സിനി മാക്‌സിലാണ് നടക്കുന്നത്.  

ഇന്ത്യയില്‍ ആദ്യമായാണ് പ്രവാസികളുടെ സിനിമാ സംരംഭങ്ങള്‍ക്കായുള്ള, മല്‍സര വിഭാഗങ്ങള്‍ അടക്കമുള്ള ഫെസ്റ്റിവല്‍ സംഘടിപ്പിക്കപ്പെടുന്നത്. പ്രവാസികള്‍ നിര്‍മിച്ച മലയാളവും തമിഴും ഹിന്ദിയും അടക്കമുള്ള ഇതര ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലും ചെയ്ത സംരംഭങ്ങളും ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഫെസ്റ്റിവലിന്റെ ലോഞ്ച് ഒക്ടോബര്‍ 25ന് രണ്ടു മണിക്ക് പെരിന്തല്‍മണ്ണ ഹൈടണ്‍ ഹോട്ടലില്‍ നടക്കും.