എം.എം. കീരവാണി, എ.ആർ. റഹ്മാൻ | ഫോട്ടോ: എ.എൻ.ഐ, എസ്.എൽ. ആനന്ദ് | മാതൃഭൂമി
ആർ.ആർ.ആറിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിന് ലഭിച്ച ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിലൂടെ ലോകശ്രദ്ധയാകർഷിച്ചിരിക്കുകയാണ് സംഗീതസംവിധായകൻ എം.എം. കീരവാണി. ഇതേ ഗാനത്തിന് 95-ാമത് ഓസ്കർ നാമനിർദേശവും അടുത്തിടെ ലഭിച്ചു. മരഗതമണി, എം.എം. ക്രീം എന്നീ പേരുകളിലും അറിയപ്പെടുന്ന അദ്ദേഹത്തേക്കുറിച്ച് അധികമാർക്കും അറിയാത്ത ഒരു വിവരം വെളിപ്പെടുത്തിയിരിക്കുകയാണ് എ.ആർ. റഹ്മാൻ.
എം. എം. കീരവാണി ഒരിക്കൽ സംഗീതരംഗം വിടുന്നതിനേക്കുറിച്ച് ആലോചിച്ചിരുന്നു എന്നാണ് റഹ്മാൻ പറഞ്ഞത്. ന്യൂസ് 18-ന് ഈയിടെ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. "മികച്ച സംഗീതസംവിധായകനാണ് അദ്ദേഹം, പക്ഷെ അര്‍ഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് ലഭിച്ചില്ല, 2015-ൽ സംഗീതരംഗം വിടാൻ കീരവാണി ആലോചിച്ചിരുന്നു . പക്ഷേ അന്നുമുതലാണ് കീരവാണിയുടെ കരിയർ ആരംഭിച്ചത് ", എ.ആർ. റഹ്മാൻ പറഞ്ഞു.
സ്വന്തം ജീവിതം തീർന്നെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അതായിരിക്കാം നിങ്ങളുടെ ജീവിതം തുടങ്ങുന്ന ആ പോയന്റ്. ഇതാണ് ഏറ്റവും വലിയ ഉദാഹരണം. എന്റെ കുട്ടികളോട് ഞാനെപ്പോഴും പറയും, 35 വർഷമായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന ആ മഹാനായ വ്യക്തി ഒരിക്കൽ രംഗം വിടാൻ ആലോചിച്ചിരുന്നുവെന്നും അവിടം മുതലാണ് അദ്ദേഹത്തിന്റെ കരിയർ തുടങ്ങിയതെന്നും -റഹ്മാൻ പറഞ്ഞു.
എ.ആർ. റഹ്മാന്റെ അഭിമുഖത്തിലെ ഈ ഭാഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി പേരാണ് കീരവാണിക്ക് കയ്യടികളുമായി എത്തിയത്. പിന്മാറ്റത്തേക്കുറിച്ച് ഒരിക്കലും ചിന്തിക്കരുതെന്നും നല്ലതെന്തോ നിങ്ങളെ കാത്തിരിക്കുന്നുണ്ടാവുമെന്നാണ് ഒരാളുടെ പ്രതികരണം. നിങ്ങളെ സ്നേഹിക്കാനുള്ള കാരണങ്ങൾ നിരന്തരം ഞങ്ങൾക്ക് തന്നുകൊണ്ടേയിരിക്കുന്നു എന്നാണ് വേറൊരാൾ പറയുന്നത്.
1990-ൽ കൽക്കി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കീരവാണി സംഗീതസംവിധായകനായി അരങ്ങേറിയത്. എന്നാൽ ഈ ചിത്രം റിലീസായില്ല. ഇതേവർഷം തന്നെയെത്തിയ മനസു മമത എന്ന ചിത്രം അദ്ദേഹത്തിന്റെ ആദ്യ തിയേറ്റർ റിലീസായി. 1991-ൽ രാം ഗോപാൽ വർമ സംവിധാനം ചെയ്ത ക്ഷണാ ക്ഷണം കീരവാണിയെ സംഗീത സംവിധായകനെന്ന പദവിയിൽ അരക്കിട്ടുറപ്പിച്ചു. തുടർന്ന് ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി നിരവധി ഗാനങ്ങൾ അദ്ദേഹം ചെയ്തു.
Content Highlights: ar rahman's words about mm keeravani, rrr, nattu nattu gets oscar nomination
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..