സ്ലാം മതം സ്വീകരിച്ചതിന് ശേഷം ഒട്ടനവധി പേര്‍  തന്നോട് വ്യത്യസ്തമായ സംശയങ്ങൾ ചോദിക്കാറുണ്ടെന്ന് സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍. റഹ്മാന്റെ ജീവിതത്തെ ആസ്പദമാക്കി കൃഷ്ണ തൃലോക് രചിച്ച 'നോട്ട്‌സ് ഓഫ് എ ഡ്രീം' എന്ന ജീവചരിത്രത്തിന്റെ പ്രകാശന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്താൽ ജീവിതത്തില്‍ വിജയിയാവാൻ സാധിക്കുമോ എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. ആ ചോദ്യം കേള്‍ക്കുമ്പോള്‍ ഞാന്‍ മിണ്ടാതിരിക്കും. ഇത് പരിവര്‍ത്തനം ചെയ്യുന്നതിന്റേയോ അല്ലാത്തതിന്റേയോ പ്രശ്‌നമല്ല. നിങ്ങള്‍ ഒരിടം കണ്ടെത്തുന്നു, അതാണ് പ്രധാനം. എന്നെ സംബന്ധിച്ച് അത് ആത്മീയ ഗുരുക്കന്മരാണ്. സൂഫി പണ്ഡിതര്‍ എനിക്കും അമ്മയ്ക്കും വ്യത്യസ്തമായ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തന്നു. അത് എല്ലാ വിശ്വാസങ്ങളിലും ഉള്ള കാര്യങ്ങളാണ്. അതുകൊണ്ട് ഞാന്‍ ഈ വിശ്വാസം തിരഞ്ഞെടുത്തു. അതിനൊപ്പം നില്‍ക്കുന്നു. അത്രമാത്രം. 

എന്റെ വിശ്വാസം എന്നെ ശരിയായ പാതയില്‍ നയിച്ചു. വീഴ്ചകളില്‍ നിന്ന് രക്ഷിച്ചു. പ്രാര്‍ഥിക്കുന്നതിനാല്‍ തെറ്റ് ചെയ്യാനാവില്ലെന്ന  തോന്നല്‍ എനിക്ക് വരും. ഇതെല്ലാ വിശ്വാസങ്ങളിലുമുണ്ട്-റഹ്മാന്‍ പറഞ്ഞു. 

വളരെ ചെറിയ പ്രായത്തിലാണ് റഹ്മാന്‍ സംഗീതലോകത്തേക്കെത്തുന്നത്. പിതാവും സംഗീത സംവിധായകനുമായ ആര്‍.കെ ശേഖറിന്റെ മരണം റഹ്മാന്റെ കുടുംബത്തില്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. ജീവിക്കാന്‍ വേണ്ടി പിതാവിന്റെ സംഗീത ഉപകരണങ്ങള്‍ താന്‍ പണയപ്പെടുത്തിയെന്ന് റഹ്മാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. റഹ്മാന്റെ ഇരുപതുകളിലാണ് അദ്ദേഹം ഇസ്ലാം മതം സ്വീകരിക്കുന്നത്. സൂഫിസത്തില്‍ ആകൃഷ്ടരായി കുടംബസമേതം ഇസ്ലാം സ്വീകരിക്കുകയായിരുന്നു. 

Content Highlights: ar rahman on converting to Islam sufism religion music notes of a dream book