ജെല്ലിക്കട്ട് വിഷയത്തില്‍ തമിഴ്‌നാട് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ ഉപവാസത്തിനൊരുങ്ങുന്നു. 

നടികര്‍ സംഘത്തിനോടൊപ്പമാകും റഹ്മാന്‍ വെള്ളിയാഴ്ച പ്രതിഷേധിക്കുക. ഒരു ദിവസം നീളുന്ന ഉപവാസത്തില്‍ പങ്കെടുക്കുന്നതായും റഹ്മാന്‍ ട്വിറ്ററില്‍ കുറിച്ചു. 

ജെല്ലിക്കട്ട് തമിഴ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും നടത്താന്‍ അനുവദിക്കണമെന്ന ആവശ്യമായി ലക്ഷകണക്കിന് ജനങ്ങളാണ് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്. 

കാളകളെ പീഡിപ്പിക്കുകയാണെന്നാരോപിച്ച് മൃഗ സ്‌നേഹികളുടെ സംഘടനയായ പെറ്റയാണ് ജല്ലിക്കട്ടിനെതിരെ രംഗത്തു വന്നത്. തുടര്‍ന്ന് സുപ്രീംകോടതി 2014 ല്‍ ഈ കായിക വിനോദത്തെ നിരോധിക്കുകയായിരുന്നു.