പ്രളയക്കെടുതിയുടെ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കായി  സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്റെ കൈത്താങ്ങ്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റഹ്മാനും അദ്ദേഹത്തിന്റെ സംഗീത ബാന്‍ഡും ചേര്‍ന്ന് ഒരുകോടി രൂപ സംഭാവന ചെയ്തു.

അമേരിക്കയില്‍ സംഗീതപരിപാടിക്കിടെയായിരുന്നു പ്രഖ്യാപനം. കേരളത്തിലെ ജനങ്ങള്‍ക്ക് സഹായം നല്‍കുമെന്ന് റഹ്മാന്‍ നേരത്തേ അറിയിച്ചിരുന്നു. സൗണ്ട് എഡിറ്റര്‍ റസൂല്‍ പൂക്കുട്ടിയുമായി അദ്ദേഹം ഇതെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. 

കേരളത്തിലെ സഹോദരി സഹോദരന്‍മാര്‍ക്കായി എന്റെ ചെറിയ സംഭാവന എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സംഗീതസംഘത്തോടൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഓക്ലാഡില്‍ നടന്ന സംഗീത നിശയില്‍ ഇന്ത്യന്‍ സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്മാന്‍ പാടിയത് കേരളത്തിന് വേണ്ടിയായിരുന്നു. കാതല്‍ ദേശം എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് നമ്പറായ 'മുസ്തഫ മുസ്തഫ'  എന്ന ഗാനത്തിന്റെ വരികള്‍ മാറ്റി 'കേരള കേരള ഡോണ്ട് വറി കേരള' എന്നാണ് അദ്ദേഹം പാടിയത്. നിറഞ്ഞ കയ്യടികളോടെയാണ് റഹ്മാന്റെ ഗാനത്തെ ആരാധകര്‍ വരവേറ്റത്.