Aquarium movie
ഹണി റോസ്, സണ്ണി വെയ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അക്വേറിയത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ദേശീയപുരസ്കാര ജേതാവായ ടി.ദീപേഷാണ് ചിത്രത്തിന്റെ സംവിധായകൻ.
‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും’ എന്ന പേരിൽ തയ്യാറാക്കിയ ചിത്രത്തിന് നേരത്തെ പ്രദർശനാനുമതി നിഷേധിക്കപ്പെട്ടിരുന്നു. രണ്ടുതവണത്തെ സെൻസർ ബോർഡ് വിലക്കുകൾ മറികടന്നാണ് ചിത്രം ‘അക്വേറിയം’ എന്നപേരിൽ പ്രദർശനത്തിനൊരുങ്ങുന്നത്. ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ മേയ് 14-നാണ് റിലീസ്.
സെൻസർ ബോർഡ് കേരള ഘടകത്തെയും കേന്ദ്ര ഘടകത്തെയും സമീപിച്ചിട്ടും പ്രദർശനാനുമതി ലഭിക്കാത്തതിനാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് റിലീസിങ് അനുവദിച്ചത്. സെൻസർ ബോർഡ് ട്രിബ്യൂണലിന്റെ നിർദേശപ്രകാരമാണ് ചിത്രത്തിന്റെ പേരുമാറ്റം.
സ്ത്രീയുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെ മതങ്ങൾ എങ്ങനെ ചൂഷണം ചെയ്യുന്നുവെന്ന വിഷയമാണ് സിനിമ കൈകാര്യംചെയ്യുന്നത്. കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മത്സരവിഭാഗത്തിലുണ്ടായിരുന്ന ഏക ഇന്ത്യൻ ചിത്രമായ അക്വേറിയത്തിന്റെ റിലീസ് മതവികാരം വ്രണപ്പെടുത്തുമെന്ന് പറഞ്ഞാണ് സെൻസർ ബോർഡ് തടഞ്ഞത്. ‘പൂർണമായും ഒരു സ്ത്രീപക്ഷ സിനിമയാണ് അക്വേറിയം. സഭയ്ക്കകത്ത് കന്യാസ്ത്രീകൾക്ക് എന്ത് മൂല്യമാണ് കല്പിക്കപ്പെട്ടിട്ടുള്ളതെന്ന കാര്യമാണ് സിനിമ ചർച്ച ചെയ്യുന്നത്’ -സംവിധായകൻ ദീപേഷ് നേരത്തെ പറഞ്ഞിരുന്നു.
ഹണി റോസ്, സണ്ണി വെയ്ൻ, ശാരി എന്നിവരോടൊപ്പം കലാസംവിധായകൻ സാബു സിറിൾ, സംവിധായകൻ വി.കെ.പ്രകാശ്, കന്നട നടി രാജശ്രീ പൊന്നപ്പ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപേഷിന്റെ തന്നെ കഥയ്ക്ക് ബൽറാമാണ് തിരക്കഥയൊരുക്കിയത്. ഷാജ് കണ്ണമ്പേത്താണ് നിർമാണം. ഛായാഗ്രഹണം പ്രദീപ് എം.വർമ.
Content Highlights : Aquarium Movie Trailer T Deepesh Honey RoseSunny Wayne V K P
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..