അക്വേറിയം എന്ന ചിത്രത്തിൽ സണ്ണി വെയ്നും ഹണി റോസും
തിരുവനന്തപുരം: ദേശീയ പുരസ്കാരജേതാവായ സംവിധായകന് ടി. ദീപേഷിന്റെ സിനിമയായ അക്വേറിയത്തിന് പ്രദര്‍ശനാനുമതി ലഭിച്ചു. മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് ഏറെനാളായി പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്ന സിനിമയ്ക്ക് ഹൈക്കോടതി വിധിയിലൂടെയാണ് പ്രദര്‍ശനാനുമതി ലഭിച്ചത്. ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ ഏപ്രില്‍ ഒമ്പതിന് സിനിമ റിലീസ് ചെയ്യും.
മതവികാരം വ്രണപ്പെടുത്തുമെന്ന് പറഞ്ഞാണ് 2012 പൂര്‍ത്തിയായ ചിത്രത്തിന്റെ റിലീസ് സെന്‍സര്‍ ബോര്‍ഡ് തടഞ്ഞത്. പല തവണ സിനിമക്കുള്ള അനുമതി തേടി സെന്‍സര്‍ബോര്‍ഡ് കേരളഘടകത്തെയും കേന്ദ്രഘടകത്തെയും സമീപിച്ചിട്ടും പ്രദര്‍ശനാനുമതി നിഷേധിച്ചു. ഒടുവില്‍ അണിയറ പ്രവര്‍ത്തകര്‍ സെന്‍സര്‍ ബോര്‍ഡ് ട്രിബൂണലിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് റിലീസ് അനുവദിച്ചത്. സെന്‍സര്‍ബോര്‍ഡ് ട്രിബൂണലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ചിത്രത്തിന്റെ പേരു മാറ്റിയത്.
സിനിമ വീണ്ടും തിയേറ്റര്‍ റിലീസിന് ഒരുങ്ങിയ സമയത്താണ് മതവികാരം വ്രണപ്പെടുത്തുന്നു എന്നു ചൂണ്ടിക്കാട്ടി രണ്ടു കന്യസ്ത്രിമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്കിയ ചിത്രത്തിന്റെ പ്രദര്‍ശനത്തില്‍ ഹൈക്കോടതിയ്ക്ക് ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന് നിലവില്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ആവശ്യമില്ല.
സ്ത്രീയുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെ മതങ്ങള്‍ എങ്ങനെ ചൂഷണം ചെയ്യുന്നുവെന്ന വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്ന് സംവിധായകന് ദീപേഷ്. ടി. മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. ''പൂര്‍ണ്ണമായും ഒരു സ്ത്രീപക്ഷ സിനിമയാണ് അക്വേറിയം സഭയ്ക്കകത്ത് കന്യാസ്ത്രീകള്‍ക്ക് എന്ത് മൂല്യമാണ് കല്പിക്കപ്പെട്ടിട്ടുള്ളത് എന്ന കാര്യമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത് ''. ഈ സിനിമയെ തടയാന്‍ പലപ്പോഴായി സങ്കുചിതമായി ചിന്തിക്കുന്നവര്‍ ശ്രമിച്ചു കൊണ്ടെയിരുന്നു. അതിന്റെ ഭാഗമായി നിരവധി നിയമ പോരാട്ടങ്ങള്‍ നടത്തേണ്ടിവന്നുവെന്ന് അദ്ദേഹം പറയുന്നു.
ഹണിറോസ്, സണ്ണിവെയ്ന്, ശാരി എന്നിവരോടൊപ്പം കലാസംവിധായകന്‍ സാബു സിറിള്‍, സംവിധായകന് വി.കെ പ്രകാശ്, കന്നടനടി രാജശ്രീ പൊന്നപ്പ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപേഷിന്റെ തന്നെ കഥയ്ക്ക് ബല്‍റാമാണ് തിരക്കഥ ഒരുക്കിയത്.ഷാജ് കണ്ണമ്പേത്താണ് നിര്‍മ്മാണം, ഛായാഗ്രാഹണം പ്രദീപ് എം.വര്‍മ്മ.
Content Highlights: Aquarium Movie, High court of Kerala, Aquarium controversy, T Deepesh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..