-
അഹമ്മദാബാദിലെ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ വിദ്യാർഥിനി സംവിധാനം ചെയ്ത ഗുജറാത്തി ഹ്രസ്വചിത്രം ഓസ്കാർ പുരസ്കാരത്തിനായി മത്സരിക്കുന്നു. കഴിഞ്ഞയാഴ്ച്ച സമാപിച്ച ബംഗളൂരു രാജ്യാന്തര ഷോർച്ച്ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ മത്സരവിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ഗുജറാത്തി ഭാഷയിലുള്ള ഹ്രസ്വചിത്രം ധുമാസ് ആണ് ഓസ്കാറിനായി ഇന്ത്യയിൽ നിന്നും മത്സരിക്കുന്നത്. ഷോർട്ട് ഫിലിം ലൈവ് ആക്ഷൻ കാറ്റഗറിയിലാണ് ചിത്രം മത്സരിക്കുക. മലയാളിയായ അപ്പു പ്രഭാകറാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
മഹേഷിന്റെ പ്രതികാരം തെലുങ്ക് റീമേക്ക് 'ഉമാ മഹേശ്വര ഉഗ്ര രൂപസ്യ' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും അപ്പുവായിരുന്നു. ബംഗാളി ഭാഷയിൽ ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന സൗമിത്ര ചാറ്റർജിയുടെ ബയോപ്പിക്കിന്റെയും മറ്റു രണ്ടു ബംഗാളി ചിത്രങ്ങളുടെയും ഛായാഗ്രഹകനും അപ്പു പ്രഭാകറാണ്.

19 മിനിട്ട് ദൈർഖ്യമുള്ള ധുമാസ് എന്ന ഹ്രസ്വചിത്രം എഴുത്തുകാരി കെ ആർ മീരയുടെ 'ഓർമയുടെ ഞരമ്പ്' എന്ന ചെറുകഥയെ ആസ്പദമാക്കിയാണ്. ഓർമ നഷ്ടപ്പെട്ട മുത്തശ്ശിയും മൃണാലിനി എന്നൊരു കൊച്ചു പെൺകുട്ടിയും തമ്മിലുള്ള സംഭാഷണങ്ങളാണ് ചിത്രം പറയുന്നത്. മുത്തശ്ശിയായി പ്രമോദിനി നാനാവതിയും അവരുടെ പേരക്കുട്ടിയുടെ പത്നിയായി സൊണാലി ഭരദ്വാജും വേഷമിട്ടിരിക്കുന്നു. പെൺകുട്ടിയുടെ വർത്തമാനകാലവും വൃദ്ധയുടെ ഭൂതകാലവും തമ്മിലെ സമാനതകളാണ് ചിത്രത്തിലൂടെ പറയുന്നത്. അഹമ്മദാബാദിലെ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ഫിലിം ആന്റ് കമ്മ്യൂണിക്കേഷൻ വിദ്യാർഥിനി നൈനിഷാ ധേഡിയയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വ്യക്തിഗത എൻട്രികൾ സ്വീകരിക്കുന്നതിന് പകരം ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത ഹ്രസ്വചിത്ര മേളകളിൽ പുരസ്കാരം നേടുന്ന ഹ്രസ്വചിത്രങ്ങൾ നേരിട്ട് മത്സരയോഗ്യമാക്കുകയെന്നതാണ് അക്കാദമി പുരസ്കാരങ്ങളിൽ പതിവ്.
ബെംഗളൂരു അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഇന്ത്യയിൽ അക്കാദമി യോഗ്യതയുള്ള ഏക ചലച്ചിത്ര മേളയാണ്.
Content Highlights :appu prabhakar cinematographer gujarathi shortfilm dhumas official entry to oscar awards 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..