മുതലമട: ഒരിടവേളയ്ക്കുശേഷം മുതലമട റെയിൽവേസ്റ്റേഷനിൽ സ്റ്റാർട്ടും ആക്ഷനും കട്ടും പറഞ്ഞ് മലയാളത്തിന്റെ പ്രിയ സംവിധായകൻ പ്രിയദർശൻ. ഉർവശി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അപ്പത്ത’ എന്ന തമിഴ് ചിത്രമാണ് ചൊവ്വാഴ്ച മുതലമട റെയിൽവേസ്റ്റേഷനിൽ ചിത്രീകരിച്ചത്. 

മമ്മൂട്ടി നായകനായ ‘മേഘം’, ദിലീപ് നായകനായ ‘വെട്ടം’ എന്നീ ചിത്രങ്ങളിൽ മുതലമട റെയിൽവേസ്റ്റേഷനെ ഫ്രെയിമിലാക്കിയ പ്രിയദർശന് ഇഷ്ട ലൊക്കേഷനാണിവിടം.

മധുരയിൽനിന്ന്‌ ചെന്നൈയിലെത്തിയ വൃദ്ധ നാട്ടിലേക്കുപോകാൻ റെയിൽവേസ്റ്റേഷനിൽ എത്തുന്ന രംഗമാണ് മധു അമ്പാട്ട് ക്യാമറയിലാക്കിയത്. പൊള്ളാച്ചിയാണ് ‘അപ്പത്ത’യുടെ പ്രധാന ലൊക്കേഷൻ. മോഹൻലാലിന്റെ ഭാര്യാ സഹോദരൻ സുരേഷ് ബാലാജി, ജോർജ് പയസ് എന്നിവർ ചേർന്നുള്ള വൈഡ് ആങ്കിൾ ക്രിയേഷനാണ് ‘അപ്പത്ത’ നിർമിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയും സംവിധായകൻ പ്രിയദർശന്റേതാണ്. ടൈറ്റിൽ റോളിൽ ഉർവശിയെത്തുന്നു. 

കോവിഡ് തുടങ്ങിയതിനുശേഷം ഇവിടെ ചിത്രീകരിക്കുന്ന ആദ്യ ചലച്ചിത്രമാണ് ‘അപ്പത്ത’. 25,000 രൂപ വാടകയ്ക്കാണ് ഒരുദിവസത്തേക്ക് റെയിൽവേ മുതലമട സ്റ്റേഷൻ ചിത്രീകരണത്തിനായി നൽകുന്നത്.

Content Highlights: Appatha, tamil movie directed by Priyadarshan, Urvashi and Priyadarshan tamil movie shooting