സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പേ പരാജയപ്പെടുമെന്ന് പറഞ്ഞ വിമർശകന് മറുപടിയുമായി നടൻ അപ്പാനി ശരത്. വിനോദ് ഗുരുവായൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന മിഷൻ സി എന്ന ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് ലഭിച്ച വിവരം അറിയിച്ച് കൊണ്ട് ശരത് പങ്കുവച്ച പോസ്റ്ററിന് താഴെയാണ് ഒരാൾ അഭിപ്രായ പ്രകടനം നടത്തിയത്. 'പോസ്റ്റർ കണ്ടാൽ അറിയാം എട്ട് നില' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. 

"തിയറ്റർ പോലും ഇതുവരെ തുറന്നിട്ടില്ല, ചേട്ടന് അറിയുമോ ഞങ്ങളുടെ അവസ്ഥ. ചേട്ടാ ഓരോ സിനിമയും ഞങ്ങൾ അത്രയും പ്രതീക്ഷയോടെ ആണ് നോക്കി കാണുന്നത്. ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതം ആണ് ഇത്. കഴിഞ്ഞ 2 വർഷം ആയി ഒരു സിനിമ തിയറ്ററിൽ വന്നിട്ട്. എന്നിട്ടും ഞാൻ ഇപ്പോഴും പിടിച്ചു നിൽക്കാനായി ഓടുകയാണ്. പ്ലീസ് വെറുതെ ഓരോന്ന് പറയരുത്. നിങ്ങൾക്ക് ഇതൊക്കെ തമാശയും വെറും സിനിമയും ആയിരിക്കും. പക്ഷേ എനിക്കിതു ജീവിതമാണ്. ഇതിപ്പോ പറയണം എന്നു തോന്നി"–അപ്പാനി ശരത് കമന്റിന് മറുപടിയായി കുറിച്ചു.

അപ്പാനി ശരത്ത് നായകവേഷത്തിലെത്തുന്ന 'മിഷൻ സി' എം സ്വകയർ സിനിമാസിന്റെ ബാനറിൽ മുല്ല ഷാജി ആണ് നിർമിക്കുന്നത്. പൊറിഞ്ചു മറിയം ജോസിലൂടെ സിനിമയിലെത്തിയ മീനാക്ഷി ദിനേശ് ആണ് നായികയായി എത്തുന്നത്.

കൈലാഷ്, ഋഷി, മേജർ രവി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഹണി, പാർത്ഥസാരഥി എന്നിവർ ചേർന്നാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. സുശാന്ത് ശ്രീനി ആണ് ഛായാഗ്രഹണം. രാമക്കൽമേട് തുടങ്ങിയ ഹൈറേഞ്ച് ഭാഗങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ബെർനാർഡ്, മിയ കുൽപ്പ, ചാരം എന്നീ ചിത്രങ്ങളാണ് അപ്പാനി ശരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്.

content highlights : Appani sarath reply to negative comment on Mission C movie