നടി അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നുവെന്ന വാര്‍ത്തകള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രചരിച്ചിരുന്നു.  സംവിധായകന്‍ പ്രകാശ് കൊവേലമുടിയെയാണ് അനുഷ്‌ക വിവാഹം ചെയ്യുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അനുഷ്‌ക അഭിനയിച്ച, തമിഴ് തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങിയ ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു പ്രകാശ്. പ്രശസ്ത സംവിധായകന്‍ കെ രാഘവേന്ദ്ര റാവുവിന്റെ മകനുമാണ്. 

എന്നാല്‍ തന്റെ വിവാഹത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്ന് പ്രതികരിച്ചിരിക്കുകയാണ് അനുഷ്‌ക. ഒരു അഭിമുഖത്തിനിടെയാണ് അനുഷ്‌ക മനസ്സു തുറന്നത്. "എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. എങ്ങനെയാണ് ഇത്തരം വാര്‍ത്തകള്‍ ഉണ്ടാകുന്നത്. നിങ്ങള്‍ ഒരാളെക്കുറിച്ച് എഴുതുമ്പോള്‍ അവരുടെ കുടുംബത്തെക്കുറിച്ച് ആലോചിക്കണം. 

ഇതൊന്നും സത്യമല്ല. ഗോസിപ്പുകള്‍ എന്നെ ബാധിക്കാറില്ല. എന്റെ വിവാഹം മറ്റുള്ളവര്‍ക്ക് ഒരു വിഷയമാകുന്നത് എന്തുകൊണ്ടാണെന്നും എനിക്ക് മനസ്സിലാകുന്നില്ല. നമുക്ക് ഒരാളുമായി പ്രണമുണ്ടെങ്കില്‍ അത് മറ്റുള്ളവരില്‍നിന്ന് മറയ്ക്കാനാവില്ല. അങ്ങനെയാണെങ്കില്‍ വിവാഹം എങ്ങിനെ മറച്ചു വയ്ക്കാനാകും. എനിക്ക് എന്റേതായ ഒരിടമുണ്ട്. അതില്‍ നുഴഞ്ഞു കയറുന്നത് എനിക്കിഷ്ടമല്ല. വിവാഹം പവിത്രമായ ഒരു ബന്ധമാണ്. അതുകൊണ്ടു തന്നെ ഞാന്‍ വിവാഹം കഴിക്കുന്നുവെങ്കില്‍ അത് ഒരിക്കലും മറച്ചുവച്ചാകില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും അറിയാനുണ്ടെങ്കില്‍ എന്നോട് ചോദിക്കാം. ഉത്തരം പറയാന്‍ ഞാന്‍ തയ്യാറാണ്"- അനുഷ്‌ക പറഞ്ഞു. 

നടന്‍ പ്രഭാസും അനുഷ്‌കയും പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകുമെന്നും ഗോസിപ്പുകള്‍ സിനിമാലോകത്ത് ചര്‍ച്ചയായിരുന്നു. ബാഹുബലിയുിടെ ചിത്രീകരണവേളയിലാണ് ഈ ഗോസിപ്പുകള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ ഇരുവരും അത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

Content Highlights: Anushka shetty on Wedding rumors with prakash kovelamudi Director