കൊറോണ വൈറസ് വ്യാപനഭീതിയില്‍ തീയേറ്ററുകള്‍ ദീര്‍ഘകാലത്തേയ്ക്ക് അടച്ചിട്ടിരിക്കുന്നതിനാല്‍ രാജ്യത്തെ നിര്‍മാതാക്കളില്‍ പലരും ഓണ്‍ലൈന്‍ റിലീസിലേക്ക് തിരിയുകയാണ്. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ആയുഷ്മാന്‍ ഖുരാന, വിദ്യ ബാലന്‍, മലയാളത്തില്‍ നിന്നും ജയസൂര്യ, തമിഴില്‍ നിന്നും കീര്‍ത്തി സുരേഷ്, ജ്യോതിക എന്നിവരുടെ സിനിമകളാണ് ഓണ്‍ലൈന്‍ റിലീസിനായി തയ്യാറെടുക്കുന്നത്. ഇപ്പോഴിതാ അനുഷ്‌ക ഷെട്ടിയും മാധവനും കേന്ദ്രകഥാപാത്രങ്ങളാകുന്ന നിശബ്ദം ഒ ടി ടി റിലീസിനൊരുങ്ങുന്നു എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസാകുക എന്നാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

അനുഷ്‌ക ഷെട്ടി, മാധവന്‍ എന്നിവരെക്കൂടാതെ അഞ്ജലിയും ചിത്രത്തില്‍ വേഷമിടുന്നു. ഹേമന്ത് മധുകര്‍ ആണ് ഈ ഹൊറര്‍ ത്രില്ലറിന്റെ സംവിധായകന്‍. ഗോപി സുന്ദര്‍ ആണ് പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ മൂകയായ ആര്‍ട്ടിസ്റ്റിന്റെ വേഷമാണ് അനുഷ്‌കയ്ക്ക്. അഞ്ജലിയും പ്രാധാന്യമുള്ള റോളിലാണ് എത്തുന്നത്. തെലുങ്ക് കൂടാതെ തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഇംഗ്ലീഷ് പതിപ്പിന് സൈലന്‍സ് എന്നാണ് പേര്. മൈക്കിള്‍ മാഡ്സന്‍, സുബ്ബരാജു, ശാലിനി പാണ്ഡെ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. ഷനീല്‍ ഡിയോ ആണ് ഛായാഗ്രഹകന്‍. പീപ്പിള്‍ മീഡിയ ഫാക്ടറി ആണ് നിര്‍മ്മാണം. നേരത്തെ ഏപ്രില്‍ 2ന് റിലീസ്‌ തീരുമാനിച്ചിരുന്നെങ്കിലും ലോക്ഡൗണ്‍ മൂലം മാറ്റിവെക്കുകയായിരുന്നു.

Content Highlights : anushka shetty and madhavan nishabd bilingual movie releasing in ott platform