ക്രിക്കറ്റ് താരം വിരാട് കോലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും തമ്മിലുള്ള പ്രണയം ആഘോഷിക്കപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി. കഴിഞ്ഞ പ്രണയദിനത്തില്‍ തന്റെ കാമുകി അനുഷ്‌കയാണെന്ന് ആരാധകരോട് തുറന്നു പറഞ്ഞിരുന്നു കോലി.

കണ്ടുമടുത്ത, എപ്പോൾ വേണമെങ്കിൽ തമ്മിൽ പിരിയാവുന്ന ഒരു സാധാരണ ബോളിവുഡ്-ക്രിക്കറ്റ് പ്രണയമല്ല തങ്ങളുടേതെന്ന് ഇപ്പോൾ ആണയിടുകയാണ് കോലിയും അനുഷ്കയും. തങ്ങളുടെ സ്‌നേഹവും വിശ്വാസവും എത്രത്തോളം ആഴമുള്ളതാണെന്ന് അവർ തുറന്നു പറയുന്നു. പുതിയൊരു പരസ്യചിത്രത്തിലാണ് ഇവരുടെ വൈകാരികമായ തുറന്നുപറച്ചിൽ.

ഒരു വിവാഹച്ചടങ്ങാണ് പരസ്യത്തിന്റെ പശ്ചാത്തലം. ഈ ചടങ്ങുകള്‍ കാണുകയാണ് ഒരു കാമുകനും കാമുകിയും. അവർ തങ്ങളുടെ സ്വപ്‌നങ്ങളും പരസ്പരം പങ്കുവയ്ക്കുന്നു. വിവാഹത്തിനുശേഷം ഒരു മാസത്തില്‍ 15 ദിവസം ഭക്ഷണം പാകം ചെയ്യുമെന്ന് കോലി പറയുമ്പോള്‍ ഒരു പരാതിയും കൂടാതെ താന്‍ അത് കഴിച്ചോളാമെന്ന് അനുഷ്‌ക പറയുന്നു. വിരാടിന്റെ പാസ്​വേര്‍ഡ് ജീവിതകാലം മുഴുവന്‍ പുറത്ത് പറയാതെ സൂക്ഷിക്കുമെന്നാണ് അനുഷ്‌കയുടെ വാഗ്ദാനം. അനുഷ്‌കയെ കൂടാതെ ഒരു ഷോയുടെയും ഫൈനല്‍ താന്‍ കാണുകയില്ലെന്നാണ് വിരാട് വാക്ക് നല്‍കുന്നത്. അവസാന രംഗങ്ങള്‍ തീര്‍ത്തും വൈകാരികമാണ്. ജീവിതകാലം മുഴുവന്‍ പരസ്പരം താങ്ങും തണലുമായി നില്‍ക്കുമെന്ന് ഇരുവരും പ്രതിജ്ഞയെടുക്കുന്നു.

ഒരു ഓണ്‍ലൈന്‍ ഷോപ്പിങ് വെബസൈറ്റിന് വേണ്ടിയാണ് ഈ പരസ്യം തയ്യാറാക്കിയിരിക്കുന്നത്. ഒരു മിനിറ്റും 30 സെക്കന്റും ദൈര്‍ഘ്യമുള്ള പരസ്യം സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു.