സമൂഹത്തിലെ സദാചാര അനീതികളെ തുറന്നുകാട്ടിയ ചിത്രമായിരുന്നു ഇഷ്‌ക്. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഷെയ്ന്‍ നിഗമും ആന്‍ ശീതളുമാണ് നായികാനായകന്‍മാരായെത്തിയത്. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടിയ ചിത്രം തമിഴിലേക്കു റീമേക്ക് ചെയ്യപ്പെടുകയാണ് എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. തമിഴില്‍ ഒരുങ്ങുന്നതോടൊപ്പം ഇഷ്‌കിന്റെ ഹിന്ദി പതിപ്പ് കൂടി അണിയറയില്‍ ഒരുങ്ങുന്നു.
സംവിധായകന്‍ അനുരാജ് മനോഹറും തിരക്കഥാകൃത്ത് രതീഷ് രവിയുമൊന്നിച്ച് നീരജ് പാണ്ഡെയെ കാണാന്‍ ചെന്നിരുന്നു. കൂടിക്കാഴ്ച്ചയുടെ ചിത്രം പങ്കുവെച്ച് സംവിധായകന്‍ തന്നെ പുറത്തു വിട്ടതാണ് ഈ വാര്‍ത്ത.
നീരജ് പാണ്ഡെ നിര്‍മാതാവായിട്ടുള്ള ഫ്രൈഡേ ഫിലിം വര്‍ക്‌സ് ചിത്രം നിര്‍മ്മിക്കും. അഭിനേതാക്കളെക്കുറിച്ചോ സംവിധാനം ആരെന്നതിനെക്കുറിച്ചോ ഉള്ള വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. ഏപ്രിലില്‍ ഷൂട്ട് ആരംഭിക്കും.
ഷൈന്‍ ടോം ചാക്കോ, ലിയോണ എന്നിവരടക്കമുള്ള അഭിനേതാക്കളുടെ പ്രകടനവും പ്രമേയവും ഏറെ ചര്‍ച്ചയായിരുന്നു. സിനിമാതാരങ്ങളും രാഷ്ട്രീയനേതാക്കളും ചിത്രത്തെ പ്രശംസിച്ച് രംഗത്തു വന്നിരുന്നു. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്സാണ് ഇഷ്‌ക് നിര്‍മ്മിച്ചത്. ജേക്‌സ് ബിജോയ് സംഗീതമൊരുക്കി.
Content Highlights : anuraj manohar's ishq hindi remake neeraj pandey producer