സോഷ്യൽ മീഡിയയിൽ അടിവസ്ത്രമണിഞ്ഞുകൊണ്ടുള്ള ചിത്രം പങ്കുവച്ചതിന് ബലാത്സം​ഗ ഭീഷണി നേരിടേണ്ടി വന്നുവെന്ന് ബോളിവുഡ് സംവിധായകൻ അനുരാ​ഗ് കശ്യപിന്റെ മകൾ ആലിയ കശ്യപ്. അനുരാ​ഗിന് ആ​ദ്യ ഭാര്യ ആരതി ബജാജിൽ ജനിച്ച മകളാണ് ആലിയ. അമേരിക്കയിൽ ഉപരിപഠനം നടത്തുന്ന ആലിയ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് തനിക്ക് നേരിട്ട ഭീഷണികളെക്കുറിച്ചും അവഹേളനങ്ങളെക്കുറിച്ചും തുറന്ന് പറഞ്ഞത്.

തന്നെ വേശ്യയെന്ന് വിളിച്ച് അധിക്ഷേപിച്ചെന്നും നിരന്തരം ബലാത്സം​ഗഭീഷണി വന്നുകൊണ്ടിരുന്നുവെന്നും ആലിയ വെളിപ്പെടുത്തുന്നു. 

"സോഷ്യൽ മീഡിയ നെ​ഗറ്റീവിറ്റി ഞാൻ തിരിച്ചറിഞ്ഞ കാര്യമാണ്. ഞാൻ വളരെ സെൻസിറ്റീവ് ആയ വ്യക്തിയാണ്. ചെറിയ കാര്യം പോലും എന്നെ വല്ലാതെ ബാധിക്കും..നിസാര കാര്യത്തിന് വരെ ഒരു ദിവസം മുഴുവൻ കരഞ്ഞ് തീർക്കും. 

ഇന്ത്യക്കാരിയായിരുന്നിട്ട് ഇത്തരം ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിൽ ഞാൻ ലജ്ജിക്കണമെന്ന് ആളുകൾ എന്നോട് പറഞ്ഞു. എനിക്ക് ബലാത്സം​ഗ ഭീഷണികൾ വന്നു, എന്നെ വേശ്യയെന്ന് വിളിച്ചു, എനിക്ക് വിലയിട്ട് സന്ദേശം അയച്ചു,  വധ ഭീഷണികൾ വന്നു,  എന്നെ കുടുംബത്തെ വരെ അധിക്ഷേപിച്ചു. ഈ സംഭവങ്ങൾ എന്നെയേറെ പഠിപ്പിച്ചു. ഞാൻ നിരന്തരം കരഞ്ഞു. 

പിന്നീടാണ് ഞാനൊരു കാര്യം തിരിച്ചറിഞ്ഞത്, ഫോണിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന, വേറൊന്നും ചെയ്യാനില്ലാത്ത ഇവർ‌ പറയുന്ന കാര്യങ്ങൾ എന്തിന് കണക്കിലെടുക്കണം. ഞാനെല്ലാവരെയും ബ്ലോക്ക് ചെയ്തു. സോഷ്യൽ മീഡിയയിൽ നെ​ഗറ്റീവിറ്റി പരത്തുന്ന ആരെയും ഞാൻ ബ്ലോക്ക് ചെയ്യും. കാരണം എന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് പോസിറ്റീവിറ്റി പരത്തുന്ന ഇടമാകണം എന്ന് എനിക്ക് നിർബന്ധമുണ്ട്". ആലിയ പറയുന്നു.

1997 ലാണ് അനുരാ​ഗം ആരതിയും വിവാഹിതരാവുന്നത്. 2009 ൽ ഇരുവരും വേർപിരിഞ്ഞുവെങ്കിലും സൗഹൃദം തുടർന്നിരുന്നു. പിന്നീട് 2013 ൽ നടി കൽക്കി കോച്ച്ലിനെ അനുരാ​ഗ് വിവാഹം ചെയ്തുവെങ്കിലും 2015 ൽ ആ ബന്ധവും അവസാനിച്ചു. 

Content Highlights : Anurag Kashyap's daughter Aaliyah Kashyap receives rape death threat for Sharing lingerie photos