ബോളിവുഡ് നടി പായൽ ഘോഷിന്റെ പീഡനാരോപണത്തിൽ മറുപടിയുമായി സംവിധായകൻ അനുരാഗ് കശ്യപ്. പായലിന്റേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു.

എ.ബി.എൻ തെലുഗുവിന് നൽകിയ അഭിമുഖത്തിലാണ് പായൽ അനുരാഗിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.തന്നെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഇത് സാരമുള്ള കാര്യമല്ലെന്നും തന്നോടൊപ്പം ജോലി ചെയ്ത ഹുമ ഖുറേഷി, മാഹി ഗിൽ എന്നീ താരങ്ങൾ ഒരു വിളിപ്പുറത്താണുള്ളതെന്നും അനുരാഗ് പറഞ്ഞതായി പായൽ ആരോപിക്കുന്നു. ഇതിനോടാണ് നിരവധി ട്വീറ്റുകളിലൂടെ അനുരാഗ് പ്രതികരിച്ചത്.

"കൊള്ളാം, എന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തിന് നിങ്ങൾക്ക് വളരെയധികം സമയമെടുക്കേണ്ടി വന്നു. അത് സാരമില്ല. എന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തിൽ, നിങ്ങൾ സ്വയം ഒരു സ്ത്രീയായിരുന്നിട്ടു പോലും മറ്റ് സ്ത്രീകളെ ഇതിലേക്ക് വലിച്ചിഴച്ചു. എല്ലാത്തിനും ഒരു പരിധിയുണ്ട് മാഡം. ഈ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.

എന്റെ ആദ്യ ഭാര്യയോ രണ്ടാമത്തെ ഭാര്യയോ എന്റെ കാമുകിയോ എന്നോടൊപ്പം ജോലി ചെയ്ത അത് നടിമാരോ സഹപ്രവർത്തകരോ ആയിക്കോട്ടെ, ഞാനിത്തരം കാര്യങ്ങൾ പൊതുവിടങ്ങളിലോ അല്ലാതെയോ ചെയ്യുന്ന ആളല്ല. അത്തരം സ്വഭാവം ഞാൻ വെച്ചു പൊറുപ്പിക്കുകയും ഇല്ല. വരുന്നിടത്ത് വച്ച് കാണാം.താങ്കളുടെ വീഡിയോ കാണുന്ന ഒരാൾക്ക് തന്നെ ഇതിൽ എത്ര ശരിയും തെറ്റുമുണ്ടെന്ന് തിരിച്ചറിയാൻ കഴിയുന്നതേയുള്ളൂ",അനുരാഗ് ട്വീറ്റ് ചെയ്യുന്നു.

2017ൽ പുറത്തിറങ്ങിയ പട്ടേൽ കി പഞ്ചാബി ശാദി എന്ന ചിത്രത്തിലൂടെയാണ് പായൽ അഭിനയരംഗത്തേക്ക് എത്തുന്നത്. അനുരാഗിനെതിരായ ആരോപണവുമായി രംഗത്ത് വന്ന ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തന്നെ സഹായിക്കണമെന്ന് അഭ്യർഥിച്ച് പായൽ ട്വീറ്റ് ചെയ്തിരുന്നു. അനുരാഗ് തന്നെ ക്രൂരമായാണ് ഉപദ്രവിച്ചതെന്നും അനുരാഗ് എന്ന കലാകാരനുള്ളിലെ പിശാചിനെ പുറത്ത് കൊണ്ടുവരണം എന്നും അഭ്യർഥിച്ചായിരുന്നു പായലിന്റെ ട്വീറ്റ്.

പായലിന്റെ ഈ ട്വീറ്റിനോട് പ്രതികരിച്ച് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ്മയും രംഗത്തെത്തിയിട്ടുണ്ട്.. വിശദമായ പരാതി സമർപ്പിക്കാൻ ഇവർ നടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights : Anurag Kashyap Reacts to sexual allegations by Actress Payal Ghosh