മകൾ ആലിയ കശ്യപിന്റെ ജീവിതത്തിൽ തനിക്കുള്ള നിലപാടുകൾ വ്യക്തമാക്കി ബോളിവുഡ് സംവിധായകൻ അനുരാ​ഗ് കശ്യപ്. ആലിയ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലാണ് ജീവിതം സംബന്ധിച്ച നിലപാടുകൾ സംവിധായകൻ തുറന്ന് പറയുന്നത്. തന്റെ ആരാധകർ ചോദിച്ച ചോദ്യങ്ങളാണ് ആലിയ അച്ഛനോടും ചോദിക്കുന്നത്. വിവാഹത്തിന് മുമ്പുള്ള ലൈം​ഗികബന്ധത്തെക്കുറിച്ചും, തന്റെ കാമുകനെക്കുറിച്ചുമെല്ലാം ആലിയ അച്ഛനോട് ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്.

ഷെയ്ൻ ​ഗ്രി​ഗറിയാണ് ആലിയയുടെ കാമുകൻ. ഇരുവരും ഏതാണ്ട് ഒരു വർഷത്തിലേറെയായി പ്രണയത്തിലാണ്, മാത്രമല്ല മുംബൈയിൽ അനുരാ​ഗിനൊപ്പമാണ് ഇരുവരും താമസിക്കുന്നതും.

"എനിക്ക് അവനെ ഇഷ്ടമാണ്. എനിക്ക് നീ ആൺ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന രീതി ഇഷ്ടമാണ്. അവൻ വളരെ ആത്മീയതയുള്ളവനാണ്, വളരെ ശാന്തനാണ്, മാത്രമല്ല 40 വയസായവർക്ക് പോലും കാണാത്ത പല നല്ല കാര്യങ്ങളും അവനിലുണ്ട്. ബുദ്ധിമുട്ടുള്ള ഘട്ടങ്ങളിൽ കൂടെയുണ്ടാവുന്ന ആളാണ്" എന്നായിരുന്നു ഷെയ്നിനെക്കുറിച്ചുള്ള ചോദ്യത്തിന് അനുരാ​ഗ് നൽകിയ മറുപടി.

താൻ ഗർഭിണിയാണെന്ന് പറയുകയാണെങ്കിൽ എന്തായിരിക്കും മറുപടി എന്ന ചോദ്യത്തിന്, "നിനക്ക് അത് വേണമോ എന്ന് ഞാൻ ചോദിക്കും, നിന്റെ തീരുമാനം എന്താണോ ഞാൻ അതിനോടൊപ്പം നിൽക്കും, നിനക്കതിറാമല്ലോ?..ഞാനത് സ്വീകരിക്കും, നീയെടുക്കുന്ന എല്ലാ തീരുമാനങ്ങളും എനിക്കും സമ്മതമാണ്, നിന്റെ തീരുമാനങ്ങൾക്ക് വില നൽകേണ്ടി വരുമെന്ന് ഞാൻ പറയുമെങ്കിലും ഞാൻ നിന്നോടൊപ്പം ഉണ്ടാകും” എന്നാണ് അനുരാഗ് മറുപടി നൽകിയത്.

വിവാഹത്തിന് മുമ്പുള്ള ലൈം​ഗിക ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിനും അനുരാ​ഗ് മറുപടി നൽകി. "എൺപതുകളിൽ ഞങ്ങൾ ചോദിച്ചിരുന്ന ചോദ്യമാണിത്. കോളേജ് കാലഘട്ടത്തിലൊക്കെ ചോദിച്ച ചോദ്യം. ലൈംഗിക ബന്ധത്തിലേക്കും, ലൈംഗികതയിലേക്കും വരുമ്പോൾ ഒരാൾ അതിനെ മനസിലാക്കിയുള്ള തീരുമാനം വേണം സ്വീകരിക്കാൻ. ഒരിക്കലും സമപ്രായക്കാരുടെ അഭിപ്രായവും മറ്റും നോക്കിയാവരുത്. ഞാനൊരു സംഭവമാണെന്ന് കാണിക്കാനായി എന്തെങ്കിലും ചെയ്യുന്നത് നല്ലതല്ല, അതുപോലെ ചിലരുടെ ഇടയിൽ സ്ഥാനം നേടാനായും ചെയ്യുന്നത് നല്ലതല്ല. നിനക്കത് ചെയ്യണമെന്ന് ശരിക്കും തോന്നുകയാണെങ്കിൽ, നീ അതിന് തയ്യാറാണെങ്കിൽ, നിനക്കൊരാൾ ഉണ്ടെങ്കിൽ.. അങ്ങനെ ചെയ്യാം. അതേറെ സ്പെഷ്യലായിരിക്കണം." അനുരാ​ഗ് പറയുന്നു.

അനുരാഗ് കശ്യപിന്റെ ആദ്യ ഭാര്യ ആരതി ബജാജിൽ ഉണ്ടായ മകളാണ് ആലിയ

Content Highlights :Anurag Kashyap on questions Regarding his daughter Aaliyah Kashyaps boyfriend Pre Marital Sex Pregnancy