ന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ്ങ് രജ്പുതിന് ബോളിവുഡിൽ അവസരം നിഷേധിച്ചിരുന്നുവെന്നും ഇത് അദ്ദേഹത്തെ വിഷാദത്തിലേക്ക് തള്ളിവിട്ടുവെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. അതിൽ പറഞ്ഞു കേട്ട പേരായിരുന്നു സംവിധായകൻ അനുരാ​ഗ് കശ്യപിന്റേത്. ഇപ്പോഴിതാ സുശാന്തിന് തൻറെ ചിത്രങ്ങളിൽ അവസരം നൽകാതിരുന്നതിന് കാരണങ്ങളുണ്ടെന്ന് വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് അനുരാ​ഗ്. സുശാന്തിന്റെ മാനേജറുമായി മെയ് 22 നും ജൂൺ 14 നും ചാറ്റ് ചെയ്തതിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് അനുരാ​ഗ് ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.

ഈ സമയത്ത് ഈ വിവരങ്ങൾ പുറത്ത് വിടേണ്ടി വന്നതിൽ ഖേദമുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് അനുരാ​ഗിന്റെ ട്വീറ്റ്.

സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്യുന്നതിന് മൂന്ന് ആഴ്ചകൾക്ക് മുൻപുള്ള ചാറ്റിന്റെ ചിത്രങ്ങളാണ് അനുരാഗ് പുറത്ത് വിട്ടിരിക്കുന്നത്. ഇതേ വരെ ചാറ്റ് പുറത്ത് വിടുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും ഇപ്പോൾ അതാവശ്യമായി വന്നിരിക്കുകയാണെന്നും അനുരാ​ഗ് പറയുന്നു. സുശാന്തിനൊപ്പെം ജോലി ചെയ്യാൻ തനിക്ക് താൽപര്യക്കുറവുണ്ടായിരുന്നു. അതിന് അതിന്റേതായ കാരണങ്ങളുണ്ടെന്നും അനുരാഗ് പറയുന്നു.സുശാന്തിനെ എന്നെങ്കിലും സിനിമയിൽ പരി​ഗണിക്കണമെന്നും നിങ്ങൾ രണ്ട് പേരും ചേർന്ന് ഉണ്ടാക്കുന്ന ആ മാജിക് ഒരു പ്രേക്ഷകനനെന്ന നിലയിൽ താൻ കാണാൻ ആ​ഗ്രഹിക്കുന്നുണ്ടെന്നും മാനേജർ അനുരാ​ഗിനോട് പറയുന്നുണ്ട്. എന്നാൽ സുശാന്ത് ഒരു പ്രശ്നക്കാരനാണെന്നും അത് തനിക്ക് നേരത്തെ അറിയാമെന്നുമാണ് അനുരാ​ഗിന്റെ മറുപടി.

സുശാന്തിനെ ബാന്ദ്രയിലെ തന്റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ശേഷം ജൂൺ 14 ന് അനുരാ​ഗ് മാനേജർക്ക് അയച്ച സന്ദേശവും പങ്കുവച്ചിട്ടുണ്ട്. സുശാന്തിന് തന്റെ ചിത്രം ചെയ്യാൻ ആ​ഗ്രഹമുണ്ടെന്ന് മുകേഷ് ആണ് പറഞ്ഞതെന്നും എന്നാൽ സുശാന്തിന്റെ പ്രശ്നം കാരണം ആ സിനിമ താൻ വേണ്ടെന്ന് വച്ചതാണെന്നും അനുരാ​ഗ് പറയുന്നു. എന്നാൽ ഉള്ളിലുള്ള വിരോധം മാറ്റിവച്ച് ഒരു തവണ എങ്കിലും സുശാന്തിനോട് സംസാരിക്കേണ്ടതായിരുന്നുവെന്ന് സങ്കടപ്പെടുന്ന അനുരാ​ഗിനെ മാനേജർ ആശ്വസിപ്പിക്കുന്നുമുണ്ട്. സുശാന്തിന്റെ കുടുംബത്തെക്കുറിച്ചും സഹോദരങ്ങളെ കുറിച്ചും അനുരാ​ഗ് സന്ദേശങ്ങളിൽ ആവലാതിപ്പെടുന്നുണ്ട്.


Content Highlights : Anurag Kashyap On not Giving Sushanth Roles in his Films Shares Screenshots of chats with Sushanthsmanager