2012 ജൂണ്‍ 22-നാണ് ബോളിവുഡിലെ കള്‍ട്ട് സിനിമകളില്‍ ഒന്നായ 'ഗ്യാങ്‌സ് ഓഫ് വസെയ്പുറിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. ക്രൂരനായ കല്‍ക്കരി ഖനി തലവനും ഒരു ഗ്യാങ്സ്റ്ററും തമ്മിലുളള സംഘട്ടനമാണ് ബോളിവുഡിലെ മികച്ച ത്രില്ലറുകളില്‍ ഒന്നായി വിലയിരുത്തപ്പെടുന്ന ചിത്രത്തിന്റെ ഇതിവൃത്തം. 

ഇപ്പോഴിതാ ചിത്രത്തിന്റെ വാര്‍ഷികത്തില്‍ സംവിധായകന്‍ അനുരാഗ് കശ്യപ് പങ്കുവച്ച ഒരു ട്വീറ്റാണ് ചര്‍ച്ചയാകുന്നത്. ഏഴ് വര്‍ഷം മുന്‍പ് ഇതേ ദിവസമാണ് തന്റെ ജീവിതം തകര്‍ന്നതെന്ന് പറയുകയാണ് അനുരാഗ് കശ്യപ് 

'ഏഴ് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് എന്റെ ജീവിതം തകര്‍ന്നത്. അന്ന് തൊട്ടാണ് എല്ലാവരും ഞാന്‍ ചെയ്തത് തന്നെ ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. അതേസമയം ഞാന്‍ ആ പ്രതീക്ഷ വെപ്പുകളില്‍ നിന്നും രക്ഷപ്പെടാനുളള വിഫലമായ ശ്രമം നടത്തുകയാണ്,' അനുരാഗ് കശ്യപ് കുറിക്കുന്നു.

Anurag Kashyap

യഥാര്‍ഥ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ഗ്യാങ്‌സ് ഓഫ് വസെയ്പുര്‍ വന്‍ വിജയമായിരുന്നു. ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രം ആദ്യ ആഴ്ച്ച കൊണ്ട് തന്നെ പത്തു കോടി നേടിയിരുന്നു.

ജാര്‍ഖണ്ഡിലെ ധന്‍ബാദിലുളള വസേയ്പൂര്‍ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മനോജ് ബാജ്പെയ്, നവാസുദ്ദീന്‍ സിദ്ദിഖി, പിയൂഷ് മിശ്ര, റിച്ചാ ചദ്ദ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ബ്ലാക് ഫ്രൈഡേ, ദേവ് ഡി, ഗുലാല്‍, അഗ്ലി, രാമന്‍ രാഘവ് മുക്കാബാസ്, മന്‍മര്‍സിയാന്‍ എന്നിവയാണ് കശ്യപിന്റെ മറ്റ് ചിത്രങ്ങള്‍. മമലയാളിയായ റോഷന്‍ മാത്യുവിനെയും സയ്യാമി ഖേറിനെയും നായികാനായകന്മാരാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് കശ്യപ്.

Content Highlights : Anurag Kashyap On Gangs Of Wasseypur Tweet Bollywood