രണ്‍ ജോഹറിന്റെ 'ഏ ദില്‍ ഹെ മുഷ്‌കില്‍' നാല് സംസ്ഥാനങ്ങളില്‍ വിലക്ക് നേരിടുന്ന സാഹചര്യത്തില്‍ ചിത്രത്തിന് പിന്തുണയേകി അനുരാഗ് കശ്യപ്. 

ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് പാക് താരങ്ങള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍  പ്രദര്‍ശിപ്പിക്കില്ലെന്ന് തിയ്യറ്ററുടമകളുടെ സംഘടനകള്‍ തീരുമാനിച്ചിരുന്നു.

ഗുജറാത്ത്, ഗോവ, കര്‍ണാടക, മഹാരാഷ്ട്ര എന്നീ നാല് സംസ്ഥാനങ്ങളിലെ തിയ്യറ്റര്‍ ഉടമകളാണ് തീരുമാനത്തില്‍ എത്തിയത്. കരണ്‍ ജോഹറിന്റെ ചിത്രത്തില്‍ പാക് താരം ഫവദ് ഖാന്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 

സിനിമകള്‍ നിരോധിച്ചാല്‍ ഇന്ത്യ-പാക് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമോയെന്ന് കശ്യപ് ചോദിക്കുന്നു.

ലോകം നമ്മളില്‍ നിന്ന് പഠിക്കണം. സിനിമകള്‍ നിരോധിച്ചിട്ടാണ് ഇവിടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത്. ഈ വിഷയത്തില്‍ ഞാന്‍ കരണിനൊപ്പം നില്‍ക്കുന്നു.

പാക് പ്രധാനമന്ത്രിയെ കാണാന്‍ പാകിസ്താനിലേക്ക് പോയതിന് നരേന്ദ്ര മോദിജി ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല. ആ സമയത്തു തന്നെയാണ് ഏ ദില്‍ ഹെ മുഷ്‌കിലിന്റെ ചിത്രീകരണം തുടങ്ങിയത്- കശ്യപ് ട്വിറ്ററില്‍ കുറിച്ചു.

പാക് സിനിമാ താരങ്ങള്‍ ഇന്ത്യവിട്ടുപോകണമെന്നും ഇവരെ ഇന്ത്യന്‍ സിനിമകളില്‍ അഭിനയിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയടക്കമുള്ള സംഘടനകള്‍ രംഗത്തുവന്നിരുന്നു. 

ഇന്ത്യ-പാക് പ്രശ്നം മയപ്പെടാതെ പാക് താരങ്ങളെ ഇനി ബോളിവുഡില്‍ അഭിനയിപ്പിക്കില്ലെന്ന് ഇന്ത്യന്‍ മോഷന്‍ പിക്ചേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പാക് താരങ്ങള്‍ ഉള്‍പ്പെട്ട ചില സിനിമകളുടെ ചിത്രീകരണം മുന്‍പേ പൂര്‍ത്തിയായി കഴിഞ്ഞതിനാല്‍ അവ റിലീസ് ചെയ്യുന്നത് തടസപ്പെടുത്തരുതെന്ന് ഐഎംപിപിഎ രാഷ്ട്രീയ സംഘടനകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.