ടി അനുപമ പരമേശ്വരന് എതിരെ സൈബർ ആക്രമണം. തെലുങ്ക് സൂപ്പർ താരം പവൻ കല്യാണിന്റെ ആരാധകരാണ് അനുപമയ്ക്ക് എതിരെ സൈബർ ആക്രമണം നടത്തുന്നത്. പവൻ കല്യാണിന്റെ പുതിയ ചിത്രമായ വക്കീൽ സാബ് കണ്ട ശേഷം അനുപമ പങ്കുവച്ച ട്വീറ്റ് ആണ് പ്രശ്നങ്ങൾക്ക് ആധാരം. ട്വീറ്റിൽ നടൻ

പ്രകാശ് രാജിനെ സർ എന്ന് അഭിസംബോധന ചെയ്ത അനുപമ പവൻ കല്യാണിനെ സർ എന്നു വിളിച്ചില്ലെന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്.

“കഴിഞ്ഞ രാത്രി ആമസോൺ പ്രൈം വീഡിയോയിൽ വക്കീൽ സാബ് കണ്ടു. ശക്തമായ സന്ദേശവും മികച്ച പ്രകടനവുമുള്ള ചിത്രം. പവൻ കല്യാൺ തടസ്സങ്ങൾ ഭേദിച്ചിരിക്കുന്നു, മൂന്നു സ്ത്രീകഥാപാത്രങ്ങൾ കഥയെ വേറിട്ടു നിർത്തുന്നു,പ്രകാശ് രാജ് സർ താങ്കളില്ലാതെ ഈ ചിത്രം പൂർണമാവില്ല” എന്നാണ് അനുപമ ട്വീറ്റ് ചെയ്തത്.

ട്വീറ്റ് പുറത്ത് വന്നതിന് പിന്നാലെ അനുപമയ്ക്കെതിരേ ആരാധകരും രം​ഗത്തെത്തി. പ്രകാശ് രാജ് മാത്രമാണോ താങ്കളുടെ ഒരേ ഒരു സർ എന്നായിരുന്നു ആരാധകരുടെ ചോദ്യം. ട്രോളുകൾ ശക്തമായതോടെ ആരാധകരോട് മാപ്പ് പറഞ്ഞത് അനുപമ വീണ്ടും ട്വീറ്റ് ചെയ്തു.  "ക്ഷമ ചോദിക്കുന്നു, ഞാനിപ്പോഴാണ് തിരിച്ചറിഞ്ഞത്.. എല്ലാ ബഹുമാനത്തോടെയും സ്നേഹത്തോടെയും പവൻകുമാർ സർ.." എന്നാണ് താരം ട്വീറ്റ് ചെയ്തത്. 

ഏപ്രിൽ 9 നാണ് വക്കീൽ സാബ് പ്രദർശനത്തിനെത്തിയത്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു പവൻ‌ കല്യാൺ ചിത്രം പുറത്ത് വരുന്നത്. തീയേറ്റർ പ്രദർശനത്തിന് പിന്നാലെ ഏപ്രിൽ 30 ന് ചിത്രം ഓടിടി വഴിയും പ്രേക്ഷകരിലേക്കെത്തി. ബോളിവുഡ് ചിത്രം പിങ്കിന്റെ റീമേയ്ക്ക് ആണ് വക്കീൽ സാബ്. 

Content Highlights : Anupama Parameswaran trolled by Pawan Kalyan fans for not calling him sir in tweet about vakeel sab movie