സൂപ്പര്‍ ഹിറ്റായ നിവിന്‍ പോളി ചിത്രം പ്രേമത്തിലെ ചുരുണ്ട മുടിക്കാരി മേരിയെ മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. മേരിയായി വന്ന അനുപമ പരമേശ്വരന്‍ എന്ന തൃശൂരുകാരി പെണ്‍കുട്ടി പക്ഷെ പിന്നീട് നേരെ തെലുഗിലേക്ക് ചേക്കേറുകയായിരുന്നു. തമിഴിലും തെലുഗിലുമായി നാഗചൈതന്യ, ധനുഷ്, സര്‍വാനന്ദ് എന്നീ താരങ്ങള്‍ക്കൊപ്പവും അനുപമ വേഷമിട്ടു. എന്നാല്‍ മലയാളത്തില്‍ പിന്നീട് അനുപമ നായികയായെത്തിയത് ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷത്തില്‍ മാത്രം. 

അനുപമ എന്താണ് മലയാളത്തിലേക്ക് വരാത്തതെന്നു ആരാധകര്‍ സ്ഥിരം ചോദിക്കുന്ന ചോദ്യമാണ്. തനിക്ക് തെലുങ്കിൽ തിരക്കൊഴിഞ്ഞ നേരമില്ലാത്തതിനാലാണ് മലയാളത്തിലേക്ക് വരാന്‍ സാധിക്കാത്തതെന്നാണ് അനുപമയുടെ മറുപടി. ഫസ്റ്റ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് അനുപമയുടെ ഈ വെളിപ്പെടുത്തല്‍. 

'തെലുങ്ക് ചിത്രത്തില്‍ നിന്നും എനിക്കൊരു ഗ്യാപ് ലഭിച്ചില്ല എന്നതാണ് സത്യം. പ്രേമത്തിന് ശേഷം ഞാന്‍ പ്രാധാന്യമുള്ള ഒരു കഥാപാത്രം ചെയ്തത് ജോമോന്റെ സുവിശേങ്ങളിലാണ്. മലയാളത്തില്‍ നിന്നും നല്ല ഓഫറുകള്‍ വരുമ്പോഴെല്ലാം ഞാന്‍ തെലുങ്കിൽ ഒന്നല്ലെങ്കില്‍ മറ്റൊരു ചിത്രത്തിന്റെ തിരക്കിലായിരിക്കും. തെലുങ്ക് സിനിമാ മേഖല എന്നോട് വളരേയധികം കാരുണ്യം കാണിച്ചിട്ടുണ്ട്. എനിക്കായി മാറ്റിവച്ച വളരെ മനോഹരമായ കഥാപാത്രങ്ങള്‍ വേണ്ടെന്നുവയ്ക്കാന്‍ എനിക്കാവില്ലായിരുന്നു. ഇപ്പോള്‍ മാസത്തില്‍ പതിനഞ്ച് ദിവസം എ കരുണാകരന്റെ ചിത്രത്തിനും ബാക്കി ത്രിനാഥ് റാവുവിന്റെ ചിത്രത്തിനുമായി നീക്കിവച്ചിരിക്കുകയാണ്'- അനുപമ പറയുന്നു  

ചിത്രങ്ങൾ സെലക്ട് ചെയ്യുന്ന കാര്യത്തിൽ മുമ്പത്തേക്കാൾ കൂടുതൽ സെലെക്ടീവായെന്നും അനുപമ പറയുന്നു. 'കഴിഞ്ഞ വര്‍ഷം ഞാന്‍ ഒരേ ഒരു ചിത്രമാണ് ചെയ്തത്. നല്ല കഥാപാത്രമല്ലെങ്കില്‍ ഒരു ചിത്രം സൈന്‍ ചെയ്യാത്തതില്‍ എനിക്ക് പ്രശ്‌നമൊന്നുമില്ല. സിനിമ ചെയ്യണം എന്നതിന് വേണ്ടി മാത്രം വാരിവലിച്ച് ചിത്രങ്ങള്‍ ചെയ്യാന്‍ എനിക്ക് താല്പര്യമില്ല. മികച്ച തിരക്കഥയുള്ള ചിത്രങ്ങള്‍ക്ക് നേരെ മുഖം തിരിക്കാനും എനിക്ക് പറ്റില്ല'-അനുപമ പറയുന്നു

Anupama parameswaran on why she signs less malayalam movies says telugu cinema has been kind to her