തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടന്‍ സുരേഷ്ഗോപിക്ക് തൃശ്ശൂര്‍ ജില്ലാകളക്ടറായിരുന്ന ടി.വി അനുപമ നോട്ടീസ് അയച്ച സംഭവവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് പേജില്‍ ചീത്ത വിളി നേരിടേണ്ടി വന്ന സംഭവത്തില്‍ പ്രതികരണവുമായി നടി അനുപമ പരമേശ്വരന്‍. മാതൃഭൂമി സ്റ്റാര്‍ സ്റ്റെലിന് നല്‍കിയ അഭിമുഖത്തിലാണ് അനുപമ ഇതെക്കുറിച്ച് സംസാരിച്ചത്. 

വിവാദപരമായ പരാമര്‍ശങ്ങളോ സംഭവങ്ങളോ ഉണ്ടായാല്‍ അതില്‍ ഉള്‍പ്പെടുന്ന വ്യക്തിക്കും സമാന പേരുള്ള സമൂഹത്തിലെ ഉന്നത പദവിയിലിരിക്കുന്ന ആളുകള്‍ക്കെതിരെയും സൈബര്‍ ആക്രമണം എന്ന പതിവ് പ്രവണതയുടെ ഭാഗമായിരുന്നു ഈ സൈബര്‍ ആക്രമണവും. സമാനസംഭവങ്ങള്‍ മുമ്പുമുണ്ടായിട്ടുണ്ട്. നേരത്തെ മുന്‍ കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബി ജെ പിയില്‍ ചേര്‍ന്ന അവസരത്തില്‍ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്റെ ഫേസ്ബുക്ക് പേജിലും ആക്രമണമുണ്ടായിരുന്നു.

'സുരേഷ് ഗോപിയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഐഎഎസ് പദവിയിലിരിക്കില്ലെന്നു വരെയുള്ള ഭീഷണികളായിരുന്നു കമന്റുകളില്‍. ഇതെക്കുറിച്ച് അനുപമ പരമേശ്വരന്‍ പറയുന്നതിങ്ങനെ. 

സുരേഷ് ഗോപിയെ അധിക്ഷേപിക്കുമല്ലേ എന്ന് ചോദിച്ച് ഒന്നിന് പിറകെ ഒന്നായി കമന്റുകളും സന്ദേശങ്ങളും വന്നു കൊണ്ടിരുന്നു. ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന മാനേജര്‍ പറഞ്ഞാണ് ഞാന്‍ ഈ വിവരം അറിയുന്നത്. അപ്പോഴേക്കും മോശം കമന്റുകള്‍ ഒരുപാട് എത്തിയിരുന്നു. തൃശ്ശൂര്‍ കളക്ടറുടെയും എന്റെയും പേരിലുള്ള സാമ്യമാണ് കമന്റിടാന്‍ കാരണമെന്നോര്‍ത്തപ്പോള്‍ ചിരിയാണ് വന്നത്. അനിയന്‍ കമന്റുകളൊക്കെ വായിച്ചു കേള്‍പ്പിച്ചു തന്നു. തമാശയായി മാത്രമേ അതിനെ കണ്ടിട്ടുള്ളൂ. 

anupama

star and styleകമന്റുകളെല്ലാം ശ്രദ്ധിച്ചപ്പോള്‍ എനിക്ക് മനസ്സിലായത് ആദ്യം ചിലര്‍ അബദ്ധത്തില്‍ പോസ്റ്റ് ചെയ്തതാണെങ്കിലും പിന്നീട് വന്ന കമന്റുകളില്‍ ഭൂരിഭാഗവും ബോധപൂര്‍വ്വം പാര്‍ട്ടിക്കാരെ കളിയാക്കാന്‍ മറ്റു ചിലര്‍ സംസാരിച്ചതാണെന്നാണ്. രണ്ടു ദിവസം ഫെയ്‌സ്ബുക്ക് നോക്കി ചിരിക്കാനുള്ള വകയുണ്ടായിരുന്നു. പ്രത്യക്ഷത്തില്‍ ഞാനുമായി ബന്ധമില്ലാത്ത കാര്യമായതിനാല്‍ അന്ന് ഞാന്‍ പ്രതികരിച്ചില്ല. അനുപമ തൃശ്ശൂര്‍ കളക്ടറായി ചുമതലയേറ്റപ്പോള്‍ എന്നെ അഭിനന്ദിച്ച് സന്ദേശമയച്ചവരും ഉണ്ടായിരുന്നു. ആളുമാറി ചിലര്‍ പോസ്റ്റട്ടതിന് ഞാന്‍ ദേഷ്യപ്പെടാന്‍ പോയില്ല. സീരിയസ്സായി എടുത്തതുമില്ല. ഈ വിഷയത്തില്‍ എനിക്ക് പരിഭവമോ പരാതിയോ ഇല്ല'- അനുപമ പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം