
-
പ്രേമം എന്ന ചിത്രത്തിന് ശേഷം മലയാള സിനിമയിൽ നിന്ന് മാറി നിൽക്കാനുള്ള കാരണം വ്യക്തമാക്കി നടി അനുപമ പരമേശ്വരൻ. ടെെംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സു തുറന്നത്. പ്രേമവുമായി ബന്ധപ്പെട്ട അഭിമുഖങ്ങൾ പുറത്ത് വന്നതോടെ തന്നെ ചിലർ അഹങ്കാരിയായി മുദ്രകുത്തിയെന്ന് അനുപമ പറയുന്നു.
''പ്രേമത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. ഞാൻ ഇന്ന് ഇവിടെ വരെ എത്തി നിൽക്കുന്നതിന്റെ കാരണവും ആ ഒരൊറ്റ ചിത്രമാണ്. അനുപമയെ ഇന്ന് ആരെങ്കിലും അറിയുന്നുണ്ടെങ്കിൽ അത് മേരി എന്ന കഥാപാത്രത്തിലൂടെയാണ്. അൽഫോൺസ് പുത്രൻ ഒരു മാലാഖയെപ്പോലെ വന്ന് എന്റെ ജീവിതത്തെ മാറ്റി മറച്ചു. അതുകൊണ്ടാണ് ഞാൻ എന്റെ വീടിന് പ്രേമം എന്ന് പേരിട്ടതും. ഈ കോവിഡ് പ്രശ്നങ്ങൾക്കിടയിലും സിനിമയുടെ അഞ്ചാം വാർഷികം ആളുകൾ ആഘോഷിച്ചത് വളരെ അതിശയകരമായിരുന്നു. പ്രേമത്തിന് ശേഷം ഞാൻ വ്യത്യസ്തഭാഷകളിലായി പതിമൂന്നോളം ചിത്രങ്ങൾ ചെയ്തു''.
എന്നാൽ കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടയിൽ അനുപമ വേഷമിട്ടത് വളരെ കുറച്ച് മലയാള ചിത്രങ്ങളിൽ മാത്രമാണ്. ദുൽഖർ നിർമിക്കുന്ന മണിയറയിലെ അശോകനാണ് അനുപമയുടെ ഏറ്റവും പുതിയ മലയാള ചിത്രം. ഇതെക്കുറിച്ച് ചോദിച്ചപ്പോൾ നടി പ്രതികരിച്ചത് ഇങ്ങനെ.,,
''പ്രേമത്തിന്റെ റിലീസിന് ശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ ഞാൻ ഒരുപാട് ആക്രമണങ്ങളും നേരിട്ടു. എന്നെ അഹങ്കാരിയെന്നും ജാടയുള്ളവളെന്നും വിളിച്ചു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ധാരാളം അഭിമുഖങ്ങൾ ഞാൻ നൽകിയിരുന്നു. ഈ സിനിമയുമായി ബന്ധമില്ലാത്ത പലരും എന്നോട് പറഞ്ഞത്. കിട്ടുന്ന അവസരങ്ങൾ പരമാവധി ഉപയോഗിക്കാനാണ്. ഞാൻ തൃശ്ശൂർ ജില്ലയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് പെൺകുട്ടിയാണ്. അതുകൊണ്ടു തന്നെ കൂടുതലൊന്നും ആലോചിക്കാതെ അവർ പറയുന്നത് അതേ പടി അനുസരിച്ചു.
എന്നാൽ സിനിമ ഇറങ്ങിയതിന് ശേഷം ആളുകൾ എന്നെ പരിഹസിക്കാൻ തുടങ്ങി. ഞാൻ കുറച്ച് നേരം മാത്രമേ സ്ക്രീനിലുള്ളൂ അത് തന്നെയായിരുന്നു പരിഹാസങ്ങൾക്ക് കാരണമായി തീർന്നത്. ഞാൻ അഭിമുഖങ്ങൾ നൽകിയത് എന്റെ വളർച്ചയ്ക്ക് വേണ്ടിയായിരുന്നുവെന്ന് പലരും പറഞ്ഞു. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. അതുകൊണ്ടാണ് ഞാൻ മലയാള സിനിമയിൽ നിന്ന് മാറി നിന്നത്. എനിക്ക് വന്ന ചില അവസരങ്ങൾ ഞാൻ വേണ്ടെന്ന് വച്ചു. അതിനിടെ തെലുങ്ക് സിനിമയിൽ നിന്ന് അവസരം വന്നു. എനിക്ക് അഭിനയമില്ല, പൊങ്ങച്ചം മാത്രമേയുള്ളൂ എന്നുമാണ് ചിലർ പറഞ്ഞത്. അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. പുതിയ ഭാഷകൾ പഠിക്കാൻ ആരംഭിച്ചു. അങ്ങിനെയാണ് എനിക്ക് കൂടുതൽ തെലുങ്ക് സിനിമകൾ വന്നത്''- അനുപമ പറയുന്നു.
Content Highlights: Anupama Parameswaran interview trolls after Premam made me stay away from Malayalam Cinema, maniyarayile ashokan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..