സിനിമ തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയതിനെ ചൊല്ലിയുള്ള വാഗ്വാദങ്ങളും വിവാദങ്ങളും തുടര്‍ക്കഥയാകുമ്പോള്‍ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി നിരവധി പ്രമുഖരാണ് രംഗത്ത് വന്നിരിക്കുന്നത്.  നടനും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനുമായ അനുപം ഖേര്‍ ആണ് അവരില്‍ ഏറ്റവും അവസാനമായി രംഗത്ത് പ്രമുഖന്‍.

പുണെയില്‍ ബി.ജെ.പി നേതാവ് പ്രമോദ് മഹാജന്റെ പേരിലുള്ള അവാര്‍ഡ്  സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോട്ടലുകളിലും സിനിമ തിയേറ്ററുകളിലും മറ്റും മണിക്കൂറുകള്‍ ക്യൂ നില്‍ക്കാന്‍ മടിയില്ലാത്തവര്‍ക്ക് എന്ത് കൊണ്ട് വെറും 52 സെക്കന്റ് ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് ബുദ്ധിമുട്ടാകുന്നുവെന്ന്  അദ്ദേഹം ചോദിച്ചു.സിനിമ തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയതിനെ എതിര്‍ക്കുന്നവരെ അദ്ദേഹം വിമര്‍ശിച്ചു. 

'ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് നിര്‍ബന്ധമാക്കെരുതെന്നാണ്  ചിലരുടെ അഭിപ്രായം. പക്ഷെ എന്നെ സംബന്ധിച്ച് ദേശീയ ഗാനത്തിനായി എഴുന്നേറ്റു നില്‍ക്കുന്നത് ഒരുവന് ലഭിച്ച  ശിക്ഷണത്തിന്റെ ഭാഗമാണ്. നമ്മുടെ അച്ഛനെയും അമ്മയെയും അധ്യാപകരെയും മുതിര്‍ന്നവരെയും കാണുമ്പോള്‍ നാം എഴുന്നേറ്റ് നില്‍ക്കാറുണ്ട്. അത് അവരോടുള്ള ബഹുമാനം കൊണ്ടാണ്.അതുപോലെ ദേശീയ ഗാനം കേള്‍ക്കുമ്പോള്‍  എഴുന്നേറ്റ് നില്‍ക്കുന്നത് നമ്മുടെ രാജ്യത്തോടുള്ള ബഹുമാനം കൊണ്ടാണ്. മണിക്കൂറുകള്‍ ഭക്ഷണ ശാലകളിലും സിനിമ ഹാളുകളിലും പാര്‍ട്ടികളിലും മറ്റും വരിയില്‍ നില്‍ക്കാന്‍ മടിയില്ലാത്തവര്‍ക്ക് വെറും 52 സെക്കന്റ് ദേശീയ ഗാനത്തിനായി എഴുന്നേറ്റ് നില്ക്കാന്‍ സാധിക്കാത്തത് എന്ത് കൊണ്ടാണ് - അനുപം ഖേര്‍ പറഞ്ഞു. 

ഇതേ നിലപാടുമായി നടന്‍ അരവിന്ദ് സ്വാമിയും ക്രിക്കറ്റ് താരം ഗൗതം ഗംഭീറും രംഗത്ത് വന്നിരുന്നു. എന്നാല്‍ സിനിമ തിയ്യറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കുന്നതിനെ എതിര്‍ക്കുന്ന നിലപാടായിരുന്നു നടി വിദ്യാ ബാലനും ഗായകന്‍ സോനു നിഗവും കൈകൊണ്ടത്.