കുറച്ച് സിനിമകളിലൂടെ തന്നെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനു സിതാര. ഇപ്പോഴിതാ താരം തന്റെ ഇഷ്ടങ്ങളും കുഞ്ഞു വിശേഷങ്ങളും സംബന്ധിച്ച ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി വന്നിരിക്കുകയാണ്. ഇൻസ്റ്റഗാമിലൂടെയാണ് താരം ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. തന്റെ ആദ്യ ചിത്രത്തിലെ പ്രതിഫലത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയിട്ടുണ്ട്.

ആദ്യ സിനിമയ്ക്ക് പ്രതിഫലമായി യാതൊരു തുകയും ലഭിച്ചിട്ടില്ലെന്ന് അനു പറയുന്നു. ഇഷ്ട നടൻ ആരാണ്, വീട്ടിൽ വിളിക്കുന്ന പേര്, അച്ഛന്റെയും അമ്മയുടെയും പേരുകൾ എന്ന് തുടങ്ങി നിരവധി സംശയങ്ങൾ ആണ് അനുവിനോടായി ആരാധകർ ചോദിച്ചത്. എല്ലാ ചോദ്യങ്ങൾക്കും നടി മറുപടി പറയുകയുണ്ടായി.

മമ്മൂട്ടിയാണ് ഇഷ്ടനടനെന്ന് പറഞ്ഞ അനു തന്റെ വാട്സാപ്പ് പ്രൊഫൈൽ ചിത്രം മമ്മൂട്ടിയ്ക്കൊപ്പമുള്ളതാണെന്നും വ്യക്തമാക്കി. ‍ 21.8.1995 ആണ് ജനനതീയതി, അച്ഛൻ അബ്ദുൽ സലാം, അമ്മ രേണുക വീട്ടിൽ വിളിക്കുന്ന പേര് ചിങ്ങിണി എന്നാണെന്നും അനു പറയുന്നു.

ഉണ്ണി മുകുന്ദനെക്കുറിച്ച് ചോദിച്ചപ്പോൾ സൂപ്പർമാൻ എന്നായിരുന്നു മറുപടി. ഇഷ്ട മോഹൻലാൽ ചിത്രത്തിന് സദയം എന്ന് മറുപടി നൽകിയ അനു മോഹൻലാലിനൊപ്പം നിന്ന് പകർത്തിയ ചിത്രവും പങ്കുവച്ചു. അഭിനേതാവായില്ലായിരുന്നുവെങ്കിൽ നർത്തകിയോ ടീച്ചറോ ആകുമായിരുന്നുവെന്ന് പറഞ്ഞ അനു മോഹിനിയാട്ടമാണ് ഏറെയിഷ്ടമെന്നും പറയുന്നു.

2013-ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്. തുടർന്ന് സത്യൻ അന്തിക്കാടിന്റെ ‘ ഒരു ഇന്ത്യൻ പ്രണയകഥ’ യിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം അവതരിപ്പിച്ചു. അനാർക്കലി, രാമന്റെ ഏദൻതോട്ടം, ക്യാപ്റ്റൻ, ഒരു കുപ്രസിദ്ധ പയ്യൻ, ഫുക്രി, മാമാങ്കം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രിയങ്കരിയായി. വിഷ്ണു പ്രസാദാണ് അനുവിന്റെ ഭർത്താവ്. 2015 ലായിരുന്നു ഇവരുടെ വിവാ​ഹം.

content highlights : anu sitara about her first remuneration favourite actor, mammootty, food, husband