ആന്തം ഫോർ കാശ്മീർ ഡോക്യുമെന്ററിയുടെ പോസ്റ്റർ, സന്ദീപ് രവീന്ദ്രനാഥ്
കശ്മീരിന്റെ വർത്തമാന അവസ്ഥകൾ വെളിപ്പെടുത്തുന്ന ചിത്രത്തിന് ഏർപ്പെടുത്തിയ വിലക്കിനെതിരേ മലയാളിസംവിധായകൻ. സന്ദീപ് രവീന്ദ്രനാഥ് സംവിധാനംചെയ്ത ‘ആന്തം ഫോർ കശ്മീർ’ എന്ന ചിത്രമാണ് കേന്ദ്രസർക്കാർ ഇടപെട്ട് വിലക്കിയത്. തുടർന്ന് ഈ ചിത്രം യൂട്യൂബും നീക്കംചെയ്തു.
പ്രത്യേക സായുധനിയമമായ ‘അഫ്സ്പ’ നിലനിൽക്കുന്ന ഇന്ത്യ-പാക് അതിർത്തിയിലെ ഗ്രാമങ്ങളിൽ ചിത്രീകരിച്ച ചിത്രം ഇക്കഴിഞ്ഞ മേയിൽ വിഖ്യാത സംവിധായകൻ ആനന്ദ് പട്വർധനും സംഗീതജ്ഞൻ ടി.എം. കൃഷ്ണയും ചേർന്നാണ് പുറത്തിറക്കിയത്. കശ്മീരിലെ തെരുവുകളിലൂടെയും വീടകങ്ങളിലൂടെയുമുള്ള സത്യസന്ധമായ ക്യാമറാസഞ്ചാരമാണ് ഈ ചിത്രമെന്ന് സംവിധായകൻ പറയുന്നു.
ഇവിടുത്തെ സ്ത്രീകളും കുട്ടികളുമടക്കം നേരിടുന്ന മനുഷ്യാവകാശലംഘനങ്ങളും ഏറ്റുമുട്ടലുകളെക്കുറിച്ച് അവർക്ക് പറയാനുള്ളതുമൊക്കെ ചിത്രത്തിലുണ്ട്. സംഭാഷണങ്ങളില്ലാതെ പശ്ചാത്തലത്തിൽ ഗാനം മാത്രമാണ്. കോവിഡും പട്ടാളനിയന്ത്രണങ്ങളും സാഹസികമായി അതിജീവിച്ചായിരുന്നു നിർമാണം. ചിത്രീകരണത്തിന്റെ അവസാനനാൾ ലൊക്കേഷനുസമീപം ഗ്രനേഡ് പൊട്ടിയ സംഭവവുമുണ്ടായി.
ചിത്രം യൂട്യൂബിൽ റിലീസായി ദിവസങ്ങൾക്കകം ചർച്ചയായി. വൈകാതെ യൂട്യൂബ് ലീഗൽ സപ്പോർട്ട് ടീം സിനിമ പിൻവലിക്കുകയാണെന്ന് സംവിധായകനെ അറിയിച്ചു. മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു നടപടി. വിവരസാങ്കേതികവിദ്യാനിയമം 69-എ ഉപയോഗിച്ച് സിനിമയ്ക്ക് പൂർണ പ്രദർശനവിലക്ക് ഏർപ്പെടുത്തി.
രാജ്യദോഹപരമായ വാക്കുകളോ ദൃശ്യങ്ങളോ ഇല്ലാത്ത ഈ ചെറിയ ചിത്രത്തെ ബി.ജെ.പി. സർക്കാർ ഭയപ്പെടുന്നതെന്തിനാണെന്ന് സംവിധായകൻ സന്ദീപ് രവീന്ദ്രനാഥ് ചോദിക്കുന്നു. ‘വാസ്തുഹാര’, ‘പൊന്തൻമാട’ തുടങ്ങിയ സിനിമകളുടെ നിർമാതാവായ ടി. രവീന്ദ്രനാഥിന്റെ മകനാണ് സന്ദീപ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..