ശോഭനയും സുരേഷ് ഗോപിയും തയ്യാറായിരുന്നില്ല എങ്കില്‍ വരനെ ആവശ്യമുണ്ട് എന്ന സിനിമ മലയാളത്തില്‍ ചെയ്യില്ലായിരുന്നുവെന്ന് സംവിധായകന്‍ അനൂപ് സത്യന്‍. ഏകദേശം ഒന്നരവര്‍ഷത്തോളം പുറകെ നടന്ന ശേഷമാണ് ശോഭന ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചതെന്ന് അനൂപ് പറയുന്നു.

''സിനിമയുമായി ചെല്ലുമ്പോള്‍ എപ്പോഴും നോ എന്നാണ് അവര്‍ പറഞ്ഞിരുന്നത്. പറ്റില്ലെന്ന് പറഞ്ഞാലും വീണ്ടും പോകും.

ശോഭന മാമിനെ ഞാന്‍ ആദ്യമായി കാണാന്‍ പോയപ്പോള്‍ പ്രതീക്ഷ നല്‍കുന്ന പ്രതികരണം അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. ആദ്യം അരമണിക്കൂര്‍ ആയിരുന്നു സമയം അനുവദിച്ചത്. ഇംഗ്ലിഷില്‍ കഥ പറഞ്ഞുതുടങ്ങി. പത്ത് മിനിറ്റ് കഥ പറയുന്നത് കേട്ടു. പത്ത് മിനിറ്റ് വെറുതെ ഇരുന്നു. തനിക്ക് മറ്റൊരു അപ്പോയിന്‍മെന്റ് ഉണ്ടെന്നു പറഞ്ഞു. അപ്പോള്‍ ഞാന്‍ സിനിമയിലെ രണ്ട് സീന്‍ പറഞ്ഞുകൊടുത്തു. അതുകേട്ട് അവര്‍ ചിരിച്ചു. അവിടെ നിന്നും 45 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. അങ്ങനെ തിരിച്ചുപോന്നു.

പിന്നീട് എനിക്കൊരു സന്ദേശം അയച്ചു. 'ഞാന്‍ ഉറങ്ങാതെ കേട്ട ഒരു കഥയാട്ടോ' എന്നായിരുന്നു അത്. പക്ഷേ പിന്നീട് ശോഭനാ മാമിനെ കാണാന്‍ കിട്ടില്ല. വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. ചെന്നൈയിലെ വീടിന്റെ മുന്നില്‍ വന്ന് നില്‍ക്കും. ആ ചിത്രമെടുത്ത് അവര്‍ക്ക് അയച്ചു കൊടുത്തിട്ട് പറയും ഞാന്‍ വീടിനു മുന്നിലുണ്ടെന്ന്'. അപ്പോഴും മറുപടിയില്ല. പിന്നെ ഞാന്‍ തിരിച്ചുപോരും.'

കാണാന്‍ പറ്റുമ്പോഴൊക്കെ കഥയുടെ ബാക്കി പറയും, 'കേട്ട് കേട്ട് ബോറടിക്കുന്നില്ലെന്ന്' എന്നോട് മറുപടിയായി പറയും. ഏകദേശം ഒന്നര വര്‍ഷത്തോളം പിറകെ നടന്നു. ഒരുദിവസം വീണ്ടും ഞാന്‍ മാമിനെ കാണാന്‍ ചെന്നു. അവിടെവച്ചാണ് മാം സിനിമയില്‍ അഭിനയിക്കാമെന്ന് പറയുന്നതും ഞങ്ങള്‍ പരസ്പരം കൈ കൊടുക്കുന്നതും''- അനൂപ സത്യന്‍ പറഞ്ഞു.

Content Highlights: Anoop Sathyan, varane avashyamundu, Sobhana, suresh Gopi