അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തി ആദ്യ ചിത്രം തന്നെ സൂപ്പർഹിറ്റാക്കി മാറ്റിയ സംവിധായകനാണ് അനൂപ് സത്യൻ. സംവിധായകന്റെ മകനായിരുന്നിട്ട് കൂടി സിനിമാ ചിത്രീകരണങ്ങൾ അധികം കണ്ടിട്ടില്ലാതിരുന്ന അനൂപ് ലാൽ ജോസ് ഒരുക്കിയ ഏഴ് സുന്ദര രാത്രികൾ എന്ന സിനിമയിൽ അസോസിയേറ്റ് ആയാണ് സംവിധാന രം​ഗത്തേക്കെത്തുന്നത്. ഇപ്പോഴിതാ ചിത്രീകരണത്തിനിടയിലെ രസകരമായ ഓർമകൾ പങ്കുവച്ചുകൊണ്ടുള്ള അനൂപിന്റെ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ അഭിനയിക്കുക കൂടി ചെയ്തിട്ടുണ്ട് അനൂപ്. ജൂനിയർ ആർടിസ്റ്റ് പേടി കൊണ്ട് പിന്മാറിയപ്പോൾ ആ രം​ഗത്തിൽ അഭിനയിക്കാനുള്ള നറുക്ക് വീണത് അനൂപിനായിരുന്നു. ആ കഥയാണ് അനൂപ് ഫെയ്സ്ബുക്കിൽ കുറിക്കുന്നത്. 

‘2013 അവസാനമാണ് ലാൽ ജോസ് സർ ചിത്രമായ ഏഴ് സുന്ദര രാത്രികളിൽ ക്ലാപ് ബോയ് ആയി ഞാൻ ചേരുന്നത്. അച്ഛൻ സിനിമാ സംവിധായകൻ ആണെങ്കില്‍ കൂടി, എന്റെ ജീവിതത്തിൽ ഞാൻ കാണുന്ന  മൂന്നാമത്തെ സിനിമാ ഷൂട്ട് കൂടിയായിരുന്നു ഇത്. പിൻഗാമി എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ഞാൻ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്. പക്ഷേ അവിടെ മോഹൻലാൽ എന്നൊരാൾ ഉണ്ടായതുകൊണ്ട് ഫിലിംമേക്കിങിലേയ്ക്കൊന്നും എന്റെ നോട്ടം എത്തുമായിരുന്നില്ല.’

‘സിനിമയിൽ ക്ലാപ്പ് അടിക്കാൻ തന്നെ ഒരു ബുദ്ധിമുട്ട് എനിക്ക് ഉണ്ടായിരുന്നു.ചിത്രങ്ങൾ നോക്കിയാൽ മനസിലാകും.  ഒരു സംവിധായകന്റെ മകനായിരുന്നിട്ടുകൂടി എന്തുകൊണ്ടാണ് ഇവനിത് നന്നായി ചെയ്യാത്തതെന്ന് പലരും പറയുന്നുണ്ടായിരുന്നു. ആദ്യ മൂന്ന് ദിവസം ലാൽ ജോസ് സാറും ക്ഷമിച്ചു. എന്നാൽ പിന്നെ പിന്നെ തെറ്റുവരുത്തിയാൽ എന്നോട് ദേഷ്യപ്പെടാന്‍ തുടങ്ങി. അതെന്നെ ഒരുപാട് സഹായിച്ചു. 

അങ്ങനെ ക്ലാപ്പ് ബോർഡിനെ ഇഷ്ടപ്പെടാൻ തുടങ്ങി. അതെന്നെ ക്യാമറ ലെൻസുകളുടെ റേഞ്ചിനെപറ്റിയും ഷോട്ട് ഡിവിഷനെപറ്റിയും  അഭിനയിക്കുമ്പോൾ‌ താരങ്ങളോട് ഇടപെടുന്നതിനെപറ്റിയും പറയാതെ പറഞ്ഞുതന്നുകൊണ്ടിരുന്നു. ഈ ടീമിൽ എന്നെ ചേര്‍ത്തതിന് ലാൽ ജോസ് സാറിന് നന്ദി ഈ ടീം എനിക്കൊരുപാട് ഇഷ്ടമായിരുന്നു, ഈ നിമിഷങ്ങൾ ഞാൻ എന്നെന്നും ഓർമിക്കും.’

‘ഈ വീഡിയോയെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് ലജ്ജ തോന്നും എന്നാലും അത് പോസ്റ്റ് ചെയ്യാതിരിക്കാനാവില്ല.. ഒരു സീൻ ഷൂട്ട് ചെയ്യുന്നതിനിടെ ജൂനിയർ ആർടിസ്റ്റിന് പേടി തുടങ്ങി. അങ്ങനെ ആ സീൻ എന്നോട് ചെയ്യാൻ ലാൽ ജോസ് സർ ആവശ്യപ്പെട്ടു. ഞാൻ നോ പറയുന്നതിനു മുമ്പേ ജൂനിയർ ആർട്ടിസ്റ്റിന്റെ വലുപ്പം കൂടിയ കോസ്റ്റ്യൂം അവർ എനിക്കു തന്നു കഴിഞ്ഞിരുന്നു. പക്ഷേ ആ ഷോട്ട് സിംഗിൾ ടേക്കിൽ ഓക്കെയായി. അന്ന് ഒരു ക്ലാപ്പ് ബോയ്ക്കു വേണ്ടി അവർ കൈയ്യടിച്ചു.’–അനൂപ് സത്യൻ പറഞ്ഞു.

Content Highlights : Anoop Sathyan Memories being a clap boy In Lal jose's Ezhu sundara rathrikal