പൗരത്വഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയ വിഷയത്തില്‍ രാജ്യത്തു നടക്കുന്ന പ്രതിഷേധങ്ങളോടു പ്രതികരിച്ച് നടന്‍ അനൂപ് മേനോന്‍. ഫേയ്‌സ്ബുക്കിലൂടെയാണ് അനൂപ് മേനോന്‍ തന്റെ പ്രതികരണമറിയിച്ചിരിക്കുന്നത്. നാനാത്വത്തില്‍ ഏകത്വം എന്നു വിശ്വസിക്കാന്‍ ഇന്ത്യയിലെ ജനങ്ങളെ ആരും നിര്‍ബന്ധിച്ചതല്ലെന്നും അത് രക്തത്തിലും ശ്വാസത്തിലും അലിഞ്ഞു ചേര്‍ന്നതാണെന്നും അനൂപ് മേനോന്‍ പറയുന്നു. മതേതരത്വം എന്ന ആശയം ഉള്‍ക്കൊണ്ട ഇന്ത്യന്‍ ജനതയ്ക്കിടയില്‍ ജാവേദും ജോസഫും ജയദേവും ഒരുപോലെ വാഴണമെന്നും അദ്ദേഹം പറയുന്നു.

ഫേയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

നമുക്കറിയാവുന്ന ഇന്ത്യയിലെ മതേതരത്വം നമ്മളില്‍ ചുമത്തപ്പെട്ട ഒന്നായിരുന്നില്ല. മുതിര്‍ന്നവരെ ബഹുമാനിക്കുന്നു എന്നതുപോലെ ജീവിതത്തോട് ചേര്‍ന്ന ശീലങ്ങള്‍ തന്നെയായിരുന്നു. നാനാത്വത്തില്‍ ഏകത്വം എന്ന തത്വത്തില്‍ വിശ്വസിക്കാന്‍ നമ്മളെ ആരെയും നിര്‍ബന്ധിച്ചിട്ടില്ല. അത് നമ്മുടെ രക്തത്തിലും ശ്വാസത്തിലും അലിഞ്ഞു ചേരുകയായിരുന്നു. നമുക്കറിയാം ഇന്ത്യയില്‍ ഒരുകാലത്ത് വാദങ്ങളും ചര്‍ച്ചങ്ങളും അഭിപ്രായവ്യത്യാസങ്ങളുമുണ്ടായിരുന്നു. അതൊന്നും പക്ഷേ വെറുപ്പോ ഭയമോ മൂലമുണ്ടായവയായിരുന്നില്ല.

പ്രിയപ്പെട്ട സര്‍ക്കാര്‍, ഇവിടുത്തെ ഓരോ ഹിന്ദുവിനും മുസ്ലിം, ക്രിസ്ത്യന്‍, സിഖ് സുഹൃത്തുക്കളുണ്ടായിരിക്കും.. ഞങ്ങള്‍ വളര്‍ന്നത് അങ്ങനെയാണ്. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഈ സാഹോദര്യം മുറിച്ചുമാറ്റാന്‍ അനുവദിച്ചു കൂടാ. ജാവേദും ജോസഫും ജയദേവും ഇവിടെ ജീവിക്കണം. ഏതു ബില്‍ വന്നാലും..  നമുക്ക് നമ്മുടെ ബിരിയാണിയും ക്രിസ്മസ് കേക്കുകളും പായസവും വേണം. വരും തലമുറകളിലും അത് അതുപോലെ തന്നെ തുടരുകയും വേണം...

Content Highlights : anoop menon facebook post citizenship act amendment bill