വിക്രമിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം അന്യന്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്ന വിവരം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. രണ്‍വീര്‍ സിങ്ങ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ഇപ്പോള്‍ ബോളിവുഡ് റീമേക്കിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് നിര്‍മാതാവ് വി. രവിചന്ദ്രന്‍. ചിത്രത്തിന്റെ പകര്‍പ്പവകാശം പൂര്‍ണമായും നിര്‍മാതാവിന് സ്വന്തമാണെന്നും അത് ലംഘിക്കാന്‍ സംവിധായകന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി വി രവിചന്ദ്രന്‍ ശങ്കറിന് നോട്ടീസ് അയച്ചു. രവിചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ആസ്‌കാര്‍ പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തിന്റെ കഥ എഴുത്തുകാരന്‍ സുജാതയില്‍നിന്ന് പണം കൊടുത്തു വാങ്ങിയതാണെന്നും അതിനാല്‍ പൂര്‍ണ ഉടമസ്ഥാവകാശം തനിക്കാണെന്നും രവിചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 

'ബോയ്‌സ് പരാജയമായതിന് ശേഷം നിങ്ങള്‍ മാസസിക സമ്മര്‍ദ്ദത്തിലായിരുന്നു. എന്നിട്ടും ഞാന്‍ നിങ്ങള്‍ക്ക് അന്യന്‍ സംവിധാനം ചെയ്യാനുള്ള അവസരം നല്‍കി. എന്റെ പിന്തുണ കാരണമാണ് നിങ്ങള്‍ക്ക് നഷ്ടമായതെല്ലാം തിരിച്ചുപിടിക്കാനായത്. അതെല്ലാം നിങ്ങള്‍ സമര്‍ഥമായി മറന്നിരിക്കുകയാണിപ്പോള്‍. ബോളിവുഡ് റീമേക്കുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നിങ്ങള്‍ നിര്‍ത്തിവയ്ക്കണം. നിങ്ങള്‍ ചെയ്യുന്നത് നിയമവിരുദ്ധമാണ്.'- രവിചന്ദ്രന്‍ നോട്ടീസില്‍ പറഞ്ഞു. 

2005-ലാണ് സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലറായി അന്യന്‍ പുറത്തിറങ്ങുന്നത്. ദ്വന്ദ്വവ്യക്തിത്വമുള്ള നായക കഥാപാത്രമായി വിക്രം തകര്‍ത്താടിയ ചിത്രമായിരുന്നു അന്യന്‍. അമ്പി, റെമോ, അന്യന്‍ എന്നിങ്ങനെ മൂന്ന് വേഷ-ഭാവ പകര്‍ച്ച കൊണ്ട് വിക്രം ഞെട്ടിച്ച ചിത്രം കൂടിയായിരുന്നു ഇത്. സദയാണ് ചിത്രത്തില്‍ നായികയായെത്തിയത്. നെടുമുടി വേണു, പ്രകാശ് രാജ്, വിവേക്, നാസര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹാരിസ് ജയരാജ് ഈണം നല്‍കിയ ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും ഹിറ്റ് ചാര്‍ട്ടില്‍ മുന്നിലാണ്.

Content Highlights: Anniyan Hindi Remake Producer V Ravichadran sends legal notice to Shankar