-
നടൻ സുശാന്ത് സിങ്ങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രവർത്തി ആരോപണം നേരിടുന്ന സാഹചര്യത്തിൽ പരോക്ഷ പ്രതികരണവുമായി സുശാന്തിന്റെ സഹോദരി ശ്വേത സിങ്ങ് കൃതിയും മുൻ കാമുകി അങ്കിത ലോഖണ്ഡെയും.
സുശാന്തിന്റെ പിതാവിന്റെ പരാതിയിൽ റിയ ചക്രവർത്തിക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇവരുടെ പ്രതികരണം. 'സത്യം ജയിക്കും' എന്നാണ് അങ്കിത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
‘ സത്യത്തിന് വിലയില്ലെങ്കിൽ പിന്നെ മറ്റൊന്നിനുമില്ല,’ എന്നാണ് സുശാന്തിന്റെ സഹോദരി ശ്വേത ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. അതേസമയം റിയക്കെതിരേ അങ്കിത മൊഴി നൽകിയതായും സൂചനകളുണ്ട്.
റിയയ്ക്കെതിരേ കേസ് എടുത്തതിന് പിന്നാലെ താരം മുംബൈയിലെ വീട്ടിൽ നിന്നും അപ്രത്യക്ഷമായിരിക്കുകയാണ്. കെ.കെ സിങ്ങിന്റെ പരാതിയിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാകാൻ ആവശ്യപ്പെട്ട് റിയയ്ക്ക് നോട്ടീസ് അയച്ചുവെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥർ നടിയുടെ വസതിയിൽ എത്തിയത്. എന്നാൽ റിയ അവിടെ ഉണ്ടായിരുന്നില്ല. നടി മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സൽമാൻ ഖാൻ, സഞ്ജയ് ദത്ത് തുടങ്ങിയവരുടെ കേസുകൾ കെെകാര്യം ചെയ്ത സതീഷ് മനേഷ് ഷിൻഡെയാണ് റിയയുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.
കെ.കെ സിങ് നൽകിയ പരാതിയിൽ റിയയ്ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ബോളിവുഡിലെ വലിയ പ്രൊഡക്ഷൻ കമ്പനികൾക്ക് പിറകേ പോകാതെ അന്വേഷണം റിയയിൽ കേന്ദ്രീകരിക്കണമെന്നും കെ.കെ സിങിന്റെ അഭിഭാഷകൻ വികാസ് സിങ് ആവശ്യപ്പെട്ടു.
Content Highlights : ankita Lokhande and Sushanths sister Swetha On FIR against Rhea Chakraborty
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..