ചാനല്‍ റിയാലിറ്റി ഷോയ്ക്കിടെ ട്രാന്‍സ്‌ഡെന്‍ഡര്‍ വിഭാഗത്തെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് ചോദിച്ച് നടി അഞ്ജലി അമീര്‍. തന്റെ ഭാഗത്ത് നിന്ന് സംഭവിച്ച എല്ലാ തെറ്റുകളും ഒരു കുഞ്ഞനുജത്തിയായിക്കണ്ട് ക്ഷമിക്കണമെന്നും കമ്യൂണിറ്റിയുടെ ഐക്യത്തിനും ഉന്നമനത്തിനുമായി എക്കാലവും നിലകൊള്ളുമെന്ന് ഉറപ്പു നല്‍കുന്നതായും അഞ്ജലി പറഞ്ഞു.

ക്രോസ്സ് ഡ്രസ്സിങ് നടത്തി ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് പറഞ്ഞ് പണമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ കേരളത്തിലുണ്ടെന്നും കാശ് ആഗ്രഹിക്കുന്നവരാണ് വസ്ത്രം മാറി രാത്രി റോഡിലേക്ക് എത്തുന്നതെന്നും സെക്‌സ് വര്‍ക്കിനെ പിന്തുണയ്ക്കാനാകില്ലെന്നും അഞ്ജലി പറഞ്ഞിരുന്നു. ഇതിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.

മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന പേരന്‍പിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അഞ്ജലി. ചിത്രം ഫെബ്രുവരി 1 ന് പുറത്തിറങ്ങും. 

അഞ്ജലിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

നമസ്‌ക്കാരം, ഞാന്‍ പങ്കെടുത്ത ഒരു ചാനല്‍ റിയാലിറ്റി ഷോയ്ക്കിടയില്‍ എന്റെകമ്യൂണിറ്റിക്ക് ദോഷമുണ്ടാകുന്ന തരത്തില്‍ സംസാരിച്ചു എന്ന പരാമര്‍ശം ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ. എന്റെ ഭാഗത്തു നിന്നുള്ള തെറ്റ് നിങ്ങള്‍ ചൂണ്ടിക്കാണിച്ചു. അക്കാര്യത്തില്‍ ഞാന്‍ നിങ്ങളോട് പൂര്‍ണ്ണമായും ക്ഷമ ചോദിക്കുകയാണ്. നിങ്ങള്‍ എന്നോട് ക്ഷമിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ചര്‍ച്ചയില്‍ പറഞ്ഞത് സമയക്കുറവിനാല്‍ ചാനല്‍ മുഴുവനായി കാണിക്കാതിരുന്നതാണ് അങ്ങനെയൊരു തെറ്റിദ്ധാരണയ്ക്കിട വരുത്തിയത്. കമ്മ്യൂണിറ്റിക്കിടയില്‍ നില്‍ക്കുമ്പോള്‍ കമ്യൂണിറ്റിക്കെതിരായി സംസാരിക്കരുതെന്ന ബോധ്യം എനിക്കുണ്ട്. 

പക്ഷേ എന്റെ ഭാഗത്ത് നിന്നും സംഭവിച്ചതെറ്റിന് ഓരോരുത്തരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ പ്രോല്‍സാഹനങ്ങളാല്‍ മാത്രമാണ് എനിക്ക് പൊതുസമൂഹത്തില്‍ നില്‍ക്കുവാനും ഇന്നത്തെ നിലയിലെത്തുവാനും സാധിച്ചത്. അതിന് ഞാന്‍ കമ്യൂണിറ്റിയോട് കടപ്പെട്ടവളാണ്. എക്കാലത്തും നിങ്ങളുടെ പ്രോല്‍സാഹനങ്ങള്‍ എനിക്കുണ്ടാകണം, കൂടെ നില്‍ക്കണം. അതിനാല്‍ എന്റെ പക്ഷത്ത് നിന്ന് സംഭവിച്ച എല്ലാ തെറ്റുകളും ഒരു കുഞ്ഞനുജത്തിയായിക്കണ്ട് ക്ഷമിക്കണം. കമ്യൂണിറ്റിയുടെ ഐക്യത്തിനും ഉന്നമനത്തിനുമായി ഞാന്‍ എക്കാലവും നിലകൊള്ളുമെന്ന് ഉറപ്പ് തരുന്നു.

അഞ്ജലി അമീര്‍

Content Highlights: anjali ameer apologizes for remark against transgender community peranbu actress mammootty release