ഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത് ജയസൂര്യ പ്രധാന വേഷത്തിലെത്തിയ ഞാന്‍ മേരിക്കുട്ടി കണ്ട് വികാരാധീനയായി നടിയും മോഡലുമായ അഞ്ജലി അമീര്‍. മേരിക്കുട്ടിയിലെ പലരംഗങ്ങളും തന്റെ കണ്ണു നിറച്ചുവെന്നും അങ്ങനെയൊരു ജീവിതത്തിലൂടെ കടന്നു പോയവര്‍ക്കേ ആ അവസ്ഥ മനസിലാക്കാന്‍ കഴിയുവെന്നും അഞ്ജലി പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് അഞ്ജലിയുടെ പ്രതികരണം

''മേരിക്കുട്ടിയേക്കാളും മോശമായ അവസ്ഥകള്‍ എനിക്കും എന്നെപ്പോലെയുള്ളവര്‍ക്കും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷേ, അതെല്ലാം തരണം ചെയ്താണ് ഞങ്ങള്‍ ഇവിടെയെത്തിയത്. 

ശസ്ത്രക്രിയ ചെയ്ത് സ്ത്രീയായി മാറുന്നതിന് മുന്‍പ് സ്ത്രീയുടെ മനസ്സുമായി ജീവിക്കുമ്പോള്‍ പലരീതിയിലുള്ള അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടണ്ട്. 'നീയെന്താ വേഷം കെട്ടി നടക്കുന്നതാണോ' എന്ന് ചോദിച്ച് മുടി പിടിച്ചു വലിക്കുകയും മുഖത്തടിക്കുകയും ചെയ്തിട്ടുണ്ട്.

സിനിമ കാണുന്നതിനിടെ തിയേറ്ററിലുള്ളവര്‍ മേരിക്കുട്ടിയെ പ്രോത്സാഹിപ്പിക്കാന്‍ കയ്യടിച്ചപ്പോള്‍ എനിക്കൊരു പുരസ്‌കാരം കിട്ടിയ പോലെ തോന്നി. അഭിമാന നിമിഷമായിരുന്നു അത്. ഞങ്ങളേപ്പോലുള്ളവരുടെ കഥയാണ് മേരിക്കുട്ടി. ഞങ്ങള്‍ തന്നെയാണ് മേരിക്കുട്ടി.

സ്വന്തം വീട്ടുകാരുടെയും നാട്ടുകാരുടെയും അംഗീകാരം ലഭിക്കാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. വിദേശത്തുള്ളവര്‍ക്കു പോലും നാട്ടില്‍ നിന്ന് മാറി നിന്നാല്‍ സമയം കിട്ടുമ്പോള്‍ വീട്ടിലേക്ക് ഓടിയെത്തും. അപ്പോള്‍ ജീവിതകാലം മുഴുവന്‍ ഒറ്റപ്പെട്ട് ആരും മനസിലാക്കാതെ ജീവിക്കുന്ന ജീവിതം വല്ലാത്ത ജീവിതമാണ്.

മേരിക്കുട്ടിയെപ്പോലെ ഞങ്ങള്‍ക്കും ആഗ്രഹങ്ങള്‍ ഞങ്ങള്‍ക്കും ഉണ്ട്. നല്ലൊരു ഭാവി ഉണ്ടാകണം, നന്നായി ജീവിക്കണം. എല്ലാവരുടെയും ബഹുമാനം നേടണം. അങ്ങനെ വലിയ ആഗ്രഹമായിരുന്നു. ഒരുപാടൊന്നും സാധിച്ചില്ലെങ്കിലും കുറച്ചൊക്കെ എനിക്ക് നേടാന്‍ കഴിഞ്ഞു''- അഞ്ജലി പറഞ്ഞു.

മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന പേരന്‍മ്പ് എന്ന സിനിമയിലെ നായികയാണ് അഞ്ജലി. ദേശീയ പുരസ്‌കാര ജേതാവായ റാം ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സമുദ്രക്കനി, സാധന, എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Content Highlights: anjali ameer after watching njan marikutty jayasurya