ന്ത്യന്‍ സിനിമയുടെ മുഖശ്രീ നടി ശ്രീദേവി ഓര്‍മ്മയായിട്ട് രണ്ടു വര്‍ഷം. ആരാധകരും ഇന്ത്യന്‍ സിനിമാ ലോകവും ആ താരപ്രതിഭയുടെ അപ്രതീക്ഷിത വിടവാങ്ങലില്‍ നിന്ന്‌ ഇനിയും മോചിതരായിട്ടില്ല. കപൂര്‍ കുടുംബാംഗങ്ങളും ശ്രീയുടെ ഓര്‍മകളിലാണ് ഇന്നും ജീവിക്കുന്നത്.

ശ്രീദേവിയുടെ രണ്ടാം ചരമദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്‌ ബോളിവുഡ് നടനും ശ്രീദേവിയുടെ ഭര്‍തൃസഹോദരനുമായ അനില്‍ കപൂര്‍. 

'ശ്രീ... രണ്ടു വര്‍ഷം കടന്നു പോയിരിക്കുന്നു, ഓരോ ദിനവും ഞങ്ങള്‍ നിന്നെ മിസ് ചെയ്തുകൊണ്ടേ ഇരുന്നു. ഗതകാല സ്മരണകള്‍ നല്‍കുന്നത്‌ കയ്പ്പും മധുരവും നിറഞ്ഞ അനുഭവമാണ്. നീ സ്‌നേഹിക്കുന്നവര്‍ക്കൊപ്പം കുറച്ചു നാളുകള്‍ കൂടി നിനക്ക് ലഭിച്ചിരുന്നുവെങ്കില്‍ എന്ന് ഞങ്ങള്‍ ആഗ്രഹിച്ചു പോകുന്നു.

നിന്നോടൊപ്പം ചിലവഴിക്കാന്‍ സാധിച്ച ഓരോ നിമിഷത്തിനും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. നീ ഞങ്ങളുടെ ചിന്തകളിലും പ്രാര്‍ത്ഥനയിലും ഉണ്ട്." അനില്‍ കപൂര്‍ കുറിച്ചു.

Anil Kapoor On Actress Sridevi's second death Anniversary

 

ഒരുകാലത്ത്‌  ബോളിവുഡിന്റെ പ്രിയ താരജോഡികളായിരുന്നു അനില്‍ കപൂറും ശ്രീദേവിയും. ഇരുവരും ഒന്നിച്ച മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രം ബോളിവുഡിലെ ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നാണ്. 

2018 ഫെബ്രുവരി 24-നാണ് ശ്രീദേവിയെ ദുബായിയിലെ ഹോട്ടല്‍ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ബന്ധുവിന്റെ വിവാഹാഘോഷത്തില്‍ പങ്കെടുക്കാനാണ് ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂറിനൊപ്പം ശ്രീദേവി ദുബായിയില്‍ എത്തിയത്. മൂത്ത മകള്‍ ജാന്‍വി നായികയായെത്തുന്ന ആദ്യ ചിത്രം ധടക്കിന്റെ ചിത്രീകരണ തിരക്കുകള്‍ക്കിടെ ആയിരുന്നു ശ്രീയുടെ  ഈ അപകട മരണം. ഏറെ ആഗ്രഹിച്ച ജാന്‍വിയുടെ സിനിമാ അരങ്ങേറ്റവും ശ്രീദേവിക്ക് കാണാനായില്ല.

Content Highlights : Anil Kapoor On Actress Sridevi's second death Anniversary