ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ ചുവടുറപ്പിച്ച താരമാണ് ആന്‍ഡ്രിയ ജെര്‍മിയ. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതമാണ് ആന്‍ഡ്രിയയുടെ മുഖം.

ധനുഷ് നായകനായി എത്തിയ വട ചെന്നൈയിലും ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. എന്നാല്‍  ചിത്രത്തിലെ കിടപ്പറരംഗത്തില്‍ അഭിനയിച്ചതില്‍  താന്‍  ഇപ്പോള്‍  ദുഃഖിക്കുന്നുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആന്‍ഡ്രിയ മനസ് തുറന്നത്.

വെട്രിമാരന്‍  സംവിധാനം ചെയ്ത വടചെന്നൈയില്‍ ചന്ദ്ര എന്ന കഥാപാത്രത്തെയാണ് ആന്‍ഡ്രിയ അവതരിപ്പിച്ചത്. സംവിധായകനും നടനുമായ അമീറാണ് ചിത്രത്തില്‍ ആന്‍ഡ്രിയയുടെ ഭര്‍ത്താവായി വേഷമിട്ടത്. ഇരുവരും ഇഴുകിച്ചേര്‍ന്നുള്ള നിരവധി രംഗങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. എന്നാല്‍ ഈ ചിത്രത്തിന് ശേഷം പിന്നീട് തന്നെ തേടിവന്നതെല്ലാം ഇത്തരത്തിലുള്ള വേഷങ്ങള്‍ മാത്രമായിരുന്നുവെന്ന് ആന്‍ഡ്രിയ പറയുന്നു.

ഇഴുകിചേര്‍ന്നുള്ള രംഗങ്ങളിലുള്ള കഥാപാത്രങ്ങളുമായി നിരവധി സംവിധായകരാണ് തന്നെ സമീപിക്കുന്നത് എന്നും അത്തരം കഥാപാത്രങ്ങള്‍ ചെയ്ത് മടുത്തെന്നും ഇനിയും അത്തരത്തിലുള്ള വേഷങ്ങള്‍ ചെയ്യാനില്ലെന്നും താരം വ്യക്തമാക്കി. ചിത്രത്തിലെ തന്റെ കഥാപാത്രം മികച്ചതാണെങ്കില്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്നും ആന്‍ഡ്രിയ പറയുന്നു. 

ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രം മാസ്‌റ്റേഴ്‌സാണ് ആന്‍ഡ്രിയ ഇപ്പോള്‍ ചെയ്യുന്നത്. വിജയ്ക്ക് പുറമേ വിജയ് സേതുപതി, മാളവിക മോഹന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.

Content Highlights : Andrea Jeremiah regrets doing intimate scenes in Vada Chennai