കമൽ ഹാസൻ, അൻപേ ശിവം എന്ന ചിത്രത്തിലെ രംഗം | ഫോട്ടോ: എ.എഫ്.പി, സ്ക്രീൻഗ്രാബ്
ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിനപകടത്തിന്റെ ഞെട്ടലിൽ നിന്ന് രാജ്യം ഇനിയും മുക്തമായിട്ടില്ല. ഇലക്ട്രോണിക് ഇന്റർലോക്കിങ്ങിലുണ്ടായ പിഴവാണ് അപകടകാരണമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്. അതിനിടെ കോറമണ്ഡൽ എക്സ്പ്രസ് പാളം തെറ്റുന്നത് വെള്ളിത്തിരയിൽ കാണിച്ചുതന്ന ഒരു ചിത്രത്തേക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ പൊടിപൊടിക്കുകയാണ്.
ഉലകനായകൻ കമൽഹാസൻ തിരക്കഥയെഴുതി സുന്ദർ സി സംവിധാനം ചെയ്ത് 20 വർഷം മുമ്പ് ഇറങ്ങിയ അൻപേ ശിവമാണ് ആ ചിത്രം. കമൽ ഹാസനും മാധവനുമായിരുന്നു നായകന്മാർ. ചിത്രത്തിൽ മാധവൻ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു ട്രെയിൻ ദുരന്തം നേരിട്ടുകാണുന്നതും അതുവരെയുണ്ടായിരുന്ന ചിന്തകളെല്ലാം മാറ്റി സഹജീവികളെ സഹായിക്കാൻ സന്നദ്ധനാകുകയും ചെയ്യുന്ന രംഗമുണ്ട് ചിത്രത്തിൽ. ഈ രംഗത്തിൽ അപകടത്തിൽപ്പെട്ട് കിടക്കുന്നതായി കാണിച്ചിരിക്കുന്നത് കോറമണ്ഡൽ എക്സ്പ്രസാണ്..
എം. പ്രഭാകറാണ് സിനിമയ്ക്ക് കലാസംവിധാനം നിർവഹിച്ചത്. കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ സഹായമില്ലാതെ ഇങ്ങനെയൊരു രംഗം ഒരുക്കിയ കലാസംവിധായകനെയും ഇത്തരമൊരു രംഗം എഴുതിയ കമൽ ഹാസനേയും സിനിമാപ്രേമികൾ പുകഴ്ത്തുകയാണ്.
ട്വിറ്ററിൽ അൻപേ ശിവം എന്ന ഹാഷ് ടാഗ് തന്നെ വൈറലായിട്ടുണ്ട്. കോറമണ്ഡൽ എക്സപ്രസിന് സംഭവിച്ച അപകടത്തേയും അൻപേ ശിവം സിനിമയേയും ബന്ധപ്പെടുത്തി ചിത്രങ്ങളും വീഡിയോകളുമെല്ലാം ട്വിറ്റർ ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്നു. കോറമണ്ഡൽ തീവണ്ടിയപകടം 20 വർഷം മുമ്പേ കമൽ ഹാസൻ പ്രവചിച്ചുവെന്നും എപ്പോൾ തീവണ്ടിയപകടത്തേക്കുറിച്ച് അറിയുന്നുവോ അപ്പോഴെല്ലാം അൻപേ ശിവത്തേക്കുറിച്ച് ഓർക്കുമെന്നുമെല്ലാമാണ് കമന്റുകൾ.
ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 വിലാണ് കമൽ ഹാസൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എച്ച്. വിനോദ്, മണിരത്നം എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രങ്ങളിലാണ് അദ്ദേഹം പിന്നീടെത്തുക. ഇതിൽ മണിരത്നത്തിനൊപ്പം 36 വർഷങ്ങൾക്ക് ശേഷമാണ് കമൽ ഒന്നിക്കുന്നത്.
Content Highlights: Odisha Train Accident, anbe sivam train accident, kamal haasan wrote coramandel train accident
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..