പിതാവിന്റെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയുമായി നടി അനാർക്കലി മരക്കാർ. കഴിഞ്ഞ ദിവസമാണ് അനാർക്കലിയുടെ അച്ഛൻ നിയാസ് മരിക്കാർ രണ്ടാമതും വിവാഹിതനായത്. കണ്ണൂർ സ്വദേശിനിയാണ് വധു.

"വാപ്പയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഒരുപാട് ചോദ്യങ്ങളായി വരുന്നു. ഇത് സാധാരണമായ ഒരു കാര്യമായാണ് എനിക്ക് തോന്നിയത്. ഞാനതിൽ സന്തോഷിക്കുന്നു. എന്റെ വാപ്പയും ഉമ്മയും ഒരു വർഷമായി വേർപിരിഞ്ഞു ജീവിക്കുകയാണ്. മുപ്പത് വർഷം ഒന്നിച്ച് ജീവിച്ചവരാണ്. ഒരു വർഷമായി വാപ്പ ഒറ്റയ്ക്ക് ജീവിക്കുകയാണ്. വാപ്പയെ വീണ്ടും വിവാഹം കഴിപ്പിച്ചാലോ എന്ന് ഞാനും ചേച്ചിയും ചിന്തിച്ചിരുന്നു. അങ്ങനെ വാപ്പ തന്നെ തനിക്ക് ചേർന്ന ആളെ കണ്ടെത്തി, വിവാഹിതനായി. അതാണ് ഉണ്ടായത്.

ഇതിന് ശേഷം കുറേ പേർ എന്റെ ഉമ്മയെ വിളിച്ച് സമാധാനിപ്പിക്കുണ്ട്. ഇവരോടൊക്കെ എനിക്ക് പറയാനുള്ളത് ഒരു കാര്യമാണ്. നിങ്ങളെന്റെ ഉമ്മയെ വല്ലാതെ തെറ്റിദ്ധരിച്ചിട്ടുണ്ട്. ഉമ്മ സൂപ്പർ കൂളാണ്. മൊത്തത്തിൽ അടിപൊളിയാണ്. വാപ്പ വേറെ കല്യാണം കഴിച്ചതിന്റെ പേരിൽ ഉമ്മ തകർന്നു പോവുകയൊന്നുമില്ല. ഉമ്മ ഒറ്റയ്ക്കുള്ള ജീവിതമാണ് തിരഞ്ഞെടുത്തത്. പുരുഷന്മാർക്ക് പൊതുവേ ഒരു കൂട്ടില്ലാതെ അതിജീവനം പാടാണ്. ഉപ്പ വളരെ സന്തോഷവാനാണ്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. എന്റെ ഉമ്മ വളരെ പുരോ​ഗമനപരമായി ചിന്തിക്കുന്ന ആളാണ്. ഞങ്ങളെ വളർത്തിയതും അങ്ങനെയാണ്. അതുകൊണ്ടാണ് ഞങ്ങൾ ആ കല്യാണം കൂടുകയും വളരെ സന്തോഷമായി അതിന്റെ ഭാ​ഗമാവുകയും ചെയ്തത്.

കൊച്ചുമ്മയെ വളരെ സന്തോഷത്തോടെയാണ് ഞങ്ങൾ സ്വീകരിച്ചത്. വാപ്പ വേറെ വിവാഹം കഴിക്കരുത്, വേറൊരു സ്ത്രീ വരരുത്, എന്നൊക്കെ ചിന്തിക്കുന്നത് സ്വാർത്ഥതയാണ്. നമ്മുടെ അച്ഛനെ ഇഷ്ടപ്പെടുന്നില്ലാത്തതുകൊണ്ടാണ് അങ്ങനെയൊക്കെ ചിന്തിക്കുന്നത്. പുതിയ ഒരാൾ നമ്മുടെ കുടുംബത്തിലേയ്ക്ക് വരുന്നത് എനിക്ക് വളരെ സന്തോഷമുള്ള കാര്യമാണ്. ഇക്കാര്യത്തിൽ മക്കളുടെ അഭിപ്രായം പോലും എടുക്കരുതെന്നേ ഞാൻ പറയൂ.

നമുക്ക് ചെയ്യാൻ പറ്റുന്നത് വാപ്പയെ സന്തോഷിപ്പിക്കു, ചടങ്ങിന് അദ്ദേഹത്തിന്റെ കൂടെ പോകുക എന്നതൊക്കെയാണ്. പണ്ട് കുട്ടിക്കാലത്ത് പറയാറുണ്ട്, വാപ്പ ഞങ്ങളെ കല്യാണത്തിന് വിളിച്ചില്ലല്ലോ എന്ന്. അത് ശരിക്കും സംഭവിച്ചു.’

എന്റെ ഉമ്മയ്ക്ക് ഇക്കാര്യത്തിൽ യാതൊരു വിഷമവുമില്ല. വാപ്പ വേറെ വിവാഹം കഴിക്കണമെന്നു തന്നെയായിരുന്നു ഉമ്മയുടെയും ആഗ്രഹം. 30 വർഷം ഒരുമിച്ച് ജീവിച്ചതിന്റെ സ്നേഹം ഉമ്മയ്ക്ക് വാപ്പയോട് എന്നും ഉണ്ട്. വാപ്പ ജീവിതം ഒറ്റയ്ക്ക് കൊണ്ടുപോകരുത് എന്ന ആഗ്രഹം ഉമ്മയ്ക്ക് ഉണ്ടായിരുന്നു. ഇനി എപ്പോഴെങ്കിലും ഉമ്മയ്ക്ക് ഒരു കൂട്ടുവേണമെന്ന് തോന്നിയാൽ വിവാഹം കഴിക്കും."-അനാർക്കലി പറയുന്നു.

ലാലി പി ആയിരുന്നു നിയാസിന്റെ ആദ്യ ഭാര്യ. കഴിഞ്ഞവർഷമാണ് ഇരുവരും വിവാഹമോചിതരായത്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെ ലാലി ശ്രദ്ധ നേടിയിരുന്നു.

ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാർക്കലി സിനിമയിലെത്തുന്നത്. നമ്പർ വൺ സ്നേഹതീരം നോർത്ത് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട് അനാർക്കലിയുടെ ചേച്ചി ലക്ഷ്മി.

Content Highlights : Anarkali Marikar about her father Nias Marikar Second Marriage Parents Divorce