എസ്. എസ്. രാജമൗലി | ഫോട്ടോ: എ.എഫ്.പി
ഓസ്കർ പുരസ്കാരത്തിന്റെ പ്രശസ്തിയിൽ നിൽക്കുകയാണ് സംവിധായകൻ എസ്. എസ്. രാജമൗലി. അദ്ദേഹത്തിന്റെ പുതിയ ചിത്രം ഏതായിരിക്കുമെന്നുള്ള ചർച്ചയും ടോളിവുഡിൽ സജീവമാണ്. ഇപ്പോഴിതാ തന്റെ പാകിസ്താൻ സന്ദർശനത്തിനിടെ മോഹൻജോ ദാരോ സന്ദർശിക്കുന്നതിന് അനുമതി ലഭിക്കാതിരുന്നതിനെക്കുറിച്ചുള്ള ഓർമ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.
വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്രയുടെ ഒരു ട്വീറ്റിന് മറുപടി പറയവേയാണ് രാജമൗലി തന്റെ പാകിസ്താൻ യാത്രയേക്കുറിച്ച് പറഞ്ഞത്. ഹാരപ്പ, മോഹൻജോ ദാരോ, ലോത്തല്‍ മുതലായ സംസ്കാരങ്ങളേക്കുറിച്ചുള്ള ചില ചിത്രങ്ങൾ രാജമൗലിയുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ് ആനന്ദ് മഹീന്ദ്ര ചെയ്തത്. ഈ കാലഘട്ടം പശ്ചാത്തലമാക്കി ഒരു സിനിമ ചെയ്തുകൂടേ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ബാഹുബലിക്കും മുമ്പേ താൻ ചെയ്ത മഗധീര എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചുണ്ടായ ഒരു സംഭവമാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് മറുപടിയായി രാജമൗലി ഓർമിച്ചുപറഞ്ഞത്. "ധോലാവിര എന്ന സ്ഥലത്ത് മഗധീര ചിത്രീകരിക്കുമ്പോൾ പുരാതനമായ ഒരു വൃക്ഷം കണ്ടു. ഏതാണ്ട് ഫോസില്‍രൂപത്തിലേക്ക് മാറിയ ഒന്ന്. ആ വൃക്ഷം ആഖ്യാനം ചെയ്യുന്ന വിധത്തില്‍ സിന്ധുനദീതട സംസ്കാരത്തിന്റെ ഉയർച്ചയും പതനവും പറയുന്ന ഒരു ചിത്രത്തേക്കുറിച്ച് ആലോചിച്ചിരുന്നു", രാജമൗലി പറഞ്ഞു.
"ഈ സംഭവത്തിന് ഏതാനും വർഷങ്ങൾക്ക് ശേഷം പാകിസ്താനിൽ പോയപ്പോൾ മോഹൻജോ ദാരോയിലേക്ക് പോകാൻ ശ്രമിച്ചിരുന്നു. പക്ഷേ അനുമതി നിഷേധിക്കപ്പെടുകയായിരുന്നു", രാജമൗലി കൂട്ടിച്ചേർത്തു.
2009-ലാണ് രാജമൗലി സംവിധാനം ചെയ്ത മഗധീര പുറത്തിറങ്ങിയത്. പുനർജന്മം പ്രമേയമായെത്തിയ ചിത്രത്തിൽ രാംചരൺ തേജ, കാജൽ അഗർവാൾ, ദേവ് ഗിൽ, ശ്രീഹരി എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ. ചിരഞ്ജീവി അതിഥി താരമായും എത്തിയിരുന്നു. എം.എം. കീരവാണി ഒരുക്കിയ ഗാനങ്ങൾ കേരളത്തിലടക്കം സൂപ്പർഹിറ്റായിരുന്നു.
Content Highlights: anand mahindra and ss rajamouli twitter conversation, mohanjo daro, magadheera movie


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..