മീ ടൂ തരംഗമാണിപ്പോള്‍ ഇന്ത്യയില്‍. തങ്ങളോട് മോശമായി പെരുമാറിയ പുരുഷന്‍മാര്‍ക്കെതിരേ ഒട്ടേറെ സ്ത്രീകള്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നു. നടി അമൈറ ദസ്തൂര്‍ ആണ് ആരോപണവുമായി രംഗത്തെത്തിയ പുതിയ താരം. ധനുഷ് നായകനായ തമിഴ് ചിത്രം അനേകനിലെ നായികയാണ് അമൈറ.

ഒരു സിനിമയില്‍ ഇഴുകിചേര്‍ന്നുള്ള രംഗത്തിനിടെ നായകനും സംവിധായകനും മോശമായി തന്നോട് പെരുമാറിയെന്നാണ് നടിയുടെ ആരോപണം. ഇവര്‍ പ്രബലരായതിനാല്‍ പേരു പറയാതെയാണ് നടിയുടെ വെളിപ്പെടുത്തല്‍. ഒരു ദേശീയമാധ്യമം നടത്തിയ ഇ മെയില്‍ അഭിമുഖത്തില്‍ താന്‍ നേരിട്ട ദുരനുഭവം നടി തുറന്നു പറയുകയായിരുന്നു. 

കാസ്റ്റിംഗ് കൗച്ചിംഗിന് താന്‍ വിധേയ ആയിട്ടില്ല. എന്നാല്‍ സിനിമാരംഗത്ത് നിന്ന് രണ്ടു തവണ അപമാനത്തിന് ഇരയായിട്ടുണ്ട് - നടി പറഞ്ഞു. സിനിമയിലെ അതിശക്തരായതിനാല്‍ തന്നെ ഉപദ്രവിച്ചവരുടെ പേര് പറയാനുള്ള ധൈര്യമില്ലെന്നും സുരക്ഷിതത്വം തോന്നാത്തിടത്തോളം കാലം അവര്‍ക്കു നേരെ വിരല്‍ ചൂണ്ടാന്‍ തനിക്കാവില്ലെന്നും നടി പറയുന്നു.

'അവര്‍ ആരാണെന്നും എന്താണ് ചെയ്തതെന്നും അവര്‍ക്ക് അറിയാം. ഇനിയും ഇത് തുടരരുത്. അതുകൊണ്ടാണ് ഈ സംഭവം വെളിപ്പെടുത്തുന്നത്. ഒരു സിനിമയിലെ പാട്ടു രംഗത്തിനിടെ ആ നടന്‍ തന്നിലേക്ക് ഇഴുകിചേര്‍ന്നു തന്നെ ഈ സിനിമയില്‍ നായികയായി കിട്ടിയതില്‍ ഏറെ സന്തോഷിക്കുന്നെന്ന് ചെവിയില്‍ പറഞ്ഞു. ഉടന്‍ തന്നെ താന്‍ അയാളെ തള്ളിമാറ്റി, പിന്നീട് അയാളോട് മിണ്ടാന്‍ പോലും ഞാന്‍ കൂട്ടാക്കിയില്ല. അത് കാര്യമാക്കേണ്ടെന്നും ആസ്വദിക്കാനുമാണ് സംവിധായകന്‍ എന്നോട് പറഞ്ഞത്.

സെറ്റിലേക്ക് വളരെ നേരത്തേ വിളിക്കുക, മണിക്കൂറുകളോളം തന്റെ ഷോട്ടിനായി കാത്തിരിക്കേണ്ടി വരിക പോലെയുള്ള ദുരനുഭവമായിരുന്നു പിന്നീട്. ഒരു ദിവസം 18 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടി വന്നു. അന്ന് നാലോ അഞ്ചോ മണിക്കൂര്‍ ഉറങ്ങാന്‍ കിട്ടുന്നത് പോലും ഭാഗ്യമായിരുന്നു. പിന്നീട് നടനെ അവഗണിച്ചതിന് എനിക്ക് നടനോട് മാപ്പു പറയേണ്ടി വന്നു. 

മറ്റൊരു സിനിമയുടെ സെറ്റില്‍ ഓരോ ദിവസവും സംവിധായകന്‍ ബഹളം വച്ച് ദേഷ്യപ്പെട്ടിരുന്നു. ചില ദിവസങ്ങളില്‍ നന്നേ പുലര്‍ച്ചേ സെറ്റിലേക്ക് വിളിക്കും. 12-13 മണിക്കുറുകള്‍ വാനില്‍ ഇരുത്തിയ ശേഷം അസിസ്റ്റന്റ് ഡറയക്ടറെ കൊണ്ടു പറയിക്കും ഇന്നു ഷൂട്ട് ചെയ്യാന്‍ പോകുന്നില്ലെന്ന്. ഈ സിനിമയിലേക്ക് എടുത്തത് തന്നെ അയാളുടെ മഹത്വമാണെന്നും പറയും'-അമൈറ പറയുന്നു.

പതിനാറാം വയസ്സില്‍ മോഡലിംഗിലൂടെ രംഗത്ത് വന്ന അമൈറ, അനേകനിലെ നായികയായതു കൂടാതെ സുന്ദീപ് കിഷന്‍ നായകനായ മനസുക്കു നിച്ചിന്തി, രാജ് തരുണ്‍ നായകനായ രാജു ഗുഡു എന്നീ തെലുങ്കു സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

amyra datur me too dhanush movie anegan actress Amyra Dastur Reveals sexual harassment