ഗായിക അമൃത സുരേഷിന്റെയും നടൻ ബാലയുടെ മകൾ പാപ്പു എന്നു വിളിക്കുന്ന അവന്തികയ്ക്ക് കോവിഡ് ആണെന്നും ചികിത്സയിൽ ആണെന്നുമുള്ള തരത്തിൽ പ്രചരിക്കുന്ന വാർത്തകളോടു പ്രതികരിച്ച് അമൃതയുടെ കുടുംബം. അമൃതയുടെ മുൻ ഭർത്താവ് ബാലയാണ് വ്യാജപ്രചരണങ്ങൾക്ക് പിന്നിലെന്നാണ് കുടുംബത്തിന്റെ ആരോപണം. 

കോവിഡ് ബാധിതയായ മകള്‍ അവന്തികയെ കാണണമെന്ന് ആവശ്യപ്പെട്ട ബാലയെ അമൃത അതിന് അനുവദിച്ചില്ലെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. ഇതുസംബന്ധിച്ച ഇരുവരുടെയും ഫോൺ സംഭാഷണങ്ങളും ചില ഓൺലൈൻ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.  എന്നാൽ ഈ വാർത്തകൾ തെറ്റാണെന്ന് തെളിവുകൾ സഹിതം വ്യക്തമാക്കിയാണ് അമൃത രം​ഗത്തെത്തിയത്.  

കോവിഡ് ബാധിതയായിരുന്ന അമൃത കുടുംബാംഗങ്ങളുടെ അടുത്ത് നിന്ന് മാറിയാണ് താമസിച്ചിരുന്നത്. മകളോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ബാല വിളിക്കുമ്പോൾ‍ താൻ കോവിഡ് ടെസ്റ്റ് റിസൾട്ട് വാങ്ങുന്നതിനായി പുറത്തായിരുന്നെന്നും മകൾ തന്റെ അമ്മയുടെ  അടുത്തായിരുന്നെന്നും അമൃത പറയുന്നു.  വീട്ടിലെത്തിയ ശേഷം പല തവണ ബാലയ്ക്ക് മെസേജും വോയ്സ് നോട്ടും അയച്ചെങ്കിലും പ്രതികരിച്ചില്ലെന്നും അമൃത വ്യക്തമാക്കി. തന്റെ മകൾക്ക് കോവിഡ് ആണെന്നും മറ്റുമുള്ള വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അമൃത അറിയിച്ചു. എന്നാൽ

ഇതിന് പിന്നാലെ മകൾക്ക് കോവിഡ് ആണെന്ന് പറഞ്ഞത് ബാല തന്നെയാണെന്ന് ഇതേ മാധ്യമവുമായി ബന്ധപ്പെട്ടവർ അമൃതയെ അറിയിക്കുകയും ചെയ്തു. ഇതിന്റെ വോയ്സ് ക്ലിപ്പും അമൃത സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 

അവന്തിക എന്ന് വിളിക്കുന്ന പാപ്പു പൂർണ ആരോഗ്യത്തോടെയും സന്തോഷത്തോടെയും തങ്ങൾക്കൊപ്പം വീട്ടിൽ കഴിയുകയാണെന്നും ദയവ് ചെയ്ത് ഇത്തരത്തിലുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും അഭ്യർഥിച്ച്  അമൃതയുടെ സഹോദരി അഭിരാമിയും അമ്മ ലൈലയും സമൂഹമാധ്യമങ്ങളിലൂടെ രം​ഗത്തെത്തി.  തനിക്ക് യാതൊരു വിധത്തിലുള്ള പ്രശ്നവുമില്ലെന്ന് അവന്തികയും വെളിപ്പെടുത്തി.

Content Highlights : Amrutha Suresh and Family Against fake news about her daughter Avanthikas Health, Actor Bala