കൊച്ചി: താരസംഘടനയായ എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി അഭിനേത്രികളുടെ കൂട്ടായ്മ. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയും വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയും തമ്മില്‍ ചര്‍ച്ച നടന്നിരുന്നു. എ.എം.എം.എ അംഗങ്ങള്‍ എന്ന നിലയില്‍ നടിമാര്‍ മറ്റു ചില നിര്‍ദ്ദേശങ്ങളും വച്ചിരുന്നു. ഇതിന് ഒരാഴ്ചയ്ക്കുള്ളില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് നടിമാര്‍ വീണ്ടും രംഗത്ത് വന്നത്.

പാര്‍വതി, പദ്മപ്രിയ, രേവതി എന്നിവരാണ് ദിലീപിനെ തിരിച്ചെടുത്ത വിഷയങ്ങളിലടക്കം ഉടന്‍ തീരുമാനം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 

ഓഗസ്റ്റ് 7 ന് നടന്ന ചര്‍ച്ചയില്‍ തൃപ്തിയുണ്ടെന്ന് നടിമാര്‍ പ്രതികരിച്ചിരുന്നു. രാജിവെച്ച ഡബ്ല്യു.സി.സി. അംഗങ്ങള്‍ തിരിച്ചുവരുന്ന കാര്യത്തിലുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയ്‌ക്കെടുത്തിരുന്നു. 

കഴിഞ്ഞ എ.എം.എം.എ. ജനറല്‍ ബോഡി യോഗത്തിൽ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമാണ് എ.എം.എം.എയെയും ഡബ്ല്യു.സി.സിയെയും നേര്‍ക്കുനേര്‍ കൊണ്ടുവന്നത്. തീരുമാനത്തെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടിയും ഡബ്ല്യു.സി.സി. അംഗങ്ങളായ റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരും എ.എം.എം.എയില്‍ നിന്ന് രാജിവെച്ചിരുന്നു.

Content Highlights: amma wcc padmapriya parvathi revathi sends letter to amma dileep return to amma