താരസംഘടനയായ എ.എം.എം.എയും വനിതാ പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സിയും തമ്മിലുള്ള പ്രശ്നങ്ങൾ സംബന്ധിച്ച്  നടൻ സിദ്ദിഖ് നടത്തിയ വാർത്താസമ്മേളനവും താന്‍ പുറത്തിറക്കിയ പത്രക്കുറിപ്പും മോഹന്‍ലാലിന്റെ അറിവോടെ തന്നെയാണെന്ന് സംഘടനയുടെ വക്താവ് കൂടിയായ ജഗദീഷ്. തങ്ങള്‍ തമ്മില്‍ ഇതിന് മുമ്പും തര്‍ക്കമുണ്ടായിട്ടുണ്ടെന്നും അതെല്ലാം തന്നെ പറഞ്ഞു തീര്‍ത്ത് സൗഹൃദത്തില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും ജഗദീഷ് വ്യക്തമാക്കി. കൊച്ചിയില്‍ ചേര്‍ന്ന എം.എം.എം.എയുടെ അവെയ്​ലബിള്‍ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇവര്‍.

എല്ലാ അംഗങ്ങള്‍ക്കും ഒരുപോലെ സംസാരിക്കാന്‍ അവസരമൊരുക്കുന്ന സംഘടനയാണ് അമ്മയെന്നും കെ.പി.എ.സി. ലളിത വാർത്താസമ്മേളനത്തില്‍ സംസാരിച്ചതില്‍ തെറ്റൊന്നുമില്ലെന്നും മോഹന്‍ലാലും അറിയിച്ചു.

മോഹന്‍ലാല്‍ :  കെ.പി.എ.സി ലളിത എന്ന മെമ്പര്‍ക്ക് സംസാരിക്കാന്‍ സ്വാതന്ത്ര്യം ഇല്ലാത്ത സംഘടനയല്ല എ.എം.എം.എ. അവര്‍ ആ സമയത്ത് അവിടെ ഉണ്ടായിരുന്നു. ഒരു കാര്യം പറയട്ടെ, സംഘടനയുടെ പ്രതിനിധിയായി ഒരു വനിത ഇല്ലായിരുന്നു എന്നതായിരുന്നല്ലോ പ്രശ്‌നം. അവിടെ ഉണ്ടായിരുന്നത് ചേച്ചിയായിരുന്നു.

സിദ്ദിഖ്: ചേച്ചിയെ ഞാന്‍ ആണ് വിളിച്ചത്. അത് ദിലീപിന്റെ സിനിമയുടെ സെറ്റ് ആയിരുന്നില്ല. മിഖായേല്‍ എന്ന നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷന്‍ ആയിരുന്നു. അവിടെ വച്ചാണ് പത്രസമ്മേളനം നടത്തിയത്. ഒരു സീനിയര്‍ വനിതാ പ്രതിനിധി എന്ന നിലയ്ക്ക് വരാന്‍ ചേച്ചിയോട് ഞാന്‍ ആണ് ആവശ്യപ്പെട്ടത്. മോഹന്‍ലാലുമായും ഇടവേള ബാബുവുമായും ഞാന്‍ അക്കാര്യം സംസാരിച്ചതാണ്.

എ.എം.എം.എയിലെ അംഗങ്ങളെ രാജിവപ്പിക്കാനും തകര്‍ക്കാനും ആയി ഡബ്ല്യു.സി.സിക്ക് ഗൂഢ അജണ്ട ഉണ്ടെന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു. അതെന്റെ മാത്രം വ്യക്തിപരമായ അഭിപ്രായമാണ്. വളരെ നിഗൂഢമായ അജണ്ടയില്‍ അവര്‍ പ്രവര്‍ത്തിക്കുന്നു എന്ന് എനിക്ക് ബോധ്യമായ കാര്യമാണ്. പല വാര്‍ത്താസമ്മേളനങ്ങളിലൂടെയും ഞങ്ങളെ അപമാനിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. എ.എം.എം.എ  എന്ന സംഘടനയെ തകര്‍ക്കാനും അതിൽ ഭിന്നത ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനും അവര്‍ ശ്രമിക്കുന്നുണ്ട്. 

ഞാനും ജഗദീഷും തമ്മില്‍ എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അത് ഞങ്ങള്‍ തമ്മില്‍ പറഞ്ഞാല്‍  തീരും. ഒരു സംഘടനയ്ക്കകത്ത് പലര്‍ക്കും പല അഭിപ്രായങ്ങളും ഉണ്ടാകും. അതിനകത്ത് നിന്നാണ് നമ്മള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അവിടെ അഭിപ്രായങ്ങള്‍ മാറും. ഇനിയും ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. അത് മാറുകയും ചെയ്യും. 

ജഗദീഷ് : പ്രസ് റിലീസ് പ്രസിഡന്റ് മോഹന്‍ലാലിന്റെ സമ്മതത്തോടെയും അറിവോടെയും ഞാന്‍ തയ്യാറാക്കിയതാണ്. സിദ്ദിഖ് നേരത്തെ തന്നെ പത്രസമ്മളനം നടത്താൻ പ്രസിഡന്റിനോട് സമ്മതം വാങ്ങിയിരുന്നു. പക്ഷേ വാർത്താസമ്മേളനം എന്ന് പറയുമ്പോള്‍ അതിൽ പറയുന്ന എല്ലാ വാക്കുകളും നേരത്തെ ലാലിനെ അറിയിക്കുക എന്നത് സാധ്യമല്ല. നമ്മുടെ നടപടികളാണ് സിദ്ദിഖ് സംസാരിച്ചത്. അത് ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ട കാര്യങ്ങളാണ്. പിന്നെ എന്റെ പേരിലുള്ള ശബ്ദസന്ദേശമൊക്കെ വിട്ടേക്ക്. അത് ഞങ്ങള്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള പ്രശ്‌നം. അതങ്ങനെ  തീര്‍ത്തോളം. ഇതിന് മുന്‍പും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. 

ഡബ്ല്യു.സി.സി ആവശ്യപ്പെട്ട കാര്യങ്ങള്‍ മോഹന്‍ലാല്‍ പരിഗണിക്കുന്നു എന്നതിന് തെളിവാണ് ദിലീപിനോട് രാജി ആവശ്യപ്പെട്ടത്. അവര്‍ നടത്തുന്ന ചില പ്രസ്താവനകളോടുള്ള വിയോജിപ്പും അമര്‍ഷവുമാണ് സിദ്ദിഖ് രേഖപ്പെടുത്തിയത്. നടിമാര്‍ എന്ന് വിളിച്ചതിന് ആദ്യം തന്നെ പുച്ഛിച്ചു. അത് മോഹന്‍ലാല്‍ എന്ന വ്യക്തിക്കും സഹപ്രവര്‍ത്തകനും വേദന ഉണ്ടാക്കും. അതിലുള്ള വേദന അതാണ് സിദ്ദിഖ് രേഖപ്പെടുത്തിയത്. 

Content Highlights: AMMA WCC mohanla siddiq jagadesh dileep issue siddiq and jagadeesh AMMA