ദിലീപ് വിഷയത്തില്‍ പരസ്പരമുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുകൊണ്ട് വാര്‍ത്താസമ്മേളനം നടത്തിയ താരസംഘടനയായ എ.എം.എം.എ ഭാരവാഹികള്‍ക്കെതിരേ നടി ശ്രീദേവിക. അഭിനേതാക്കളുടെ പരാതികള്‍ക്കെല്ലാം പരിഹാരം കണ്ടുവെന്ന ഭാരവാഹികളുടെ അവകാശവാദം തെറ്റാണെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷൂട്ടിങ്ങിനിടെ അനുഭവിക്കേണ്ടിവന്ന മോശപ്പെട്ട അനുഭവത്തിനെതിരേയും പ്രതിഫലം നൽകാത്തതിനെ കുറിച്ചും  നല്‍കിയ പരാതിയില്‍ ഇതുവരെ സംഘടന നടപടിയൊന്നും എടുത്തില്ലെന്നും ശ്രീദേവിക ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി. 

മലയാളം, തമിഴിലും കന്നഡയിലും സജീവമായിരുന്നു ശ്രീദേവിക. ഒരു ഇടവേളയ്ക്കുശേഷം മലയാളത്തിലേയ്ക്ക് തിരിച്ചുവരവിനൊരുങ്ങുന്നതിനിടെയാണ് ശ്രീദേവിക കഴിഞ്ഞ ദിവസം ഒരു സംവിധായകനെതിരേ താരസംഘടനയ്ക്ക് നല്‍കിയ പരാതി പരസ്യമാക്കിയത്. സംഘടനയിലെ അംഗങ്ങള്‍ക്ക് ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അഭിനേതാക്കളായ സിദ്ദിഖും കെ.പി. എ.സി. ലളിതയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിന് തൊട്ടുപിറകെയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്ക് ഒരു സംവിധായകനില്‍ നിന്ന് നേരിടേണ്ടിവന്ന മോശപ്പെട്ട അനുഭവം സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാലിന് ഒരു തുറന്ന കത്തിലൂടെ അറിയിച്ചത്.

എന്നാല്‍, ഇത്തരത്തിലുള്ള ഒരു കത്ത് കിട്ടിയതായി സംഘടനാ ഭാരവാഹികള്‍ പറഞ്ഞില്ല. അതിന്മേല്‍ യാതൊരു നടപടിയും ഉണ്ടായതുമില്ല എന്ന് ശ്രീദേവിക കുറിപ്പില്‍ പറഞ്ഞു.

തന്റെ കത്തിനോട് ഒരു തണുപ്പന്‍ സമീപനമാണ് സംഘടന കൈക്കൊള്ളുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഉടനീളം പ്രശ്‌നങ്ങളെ അടിച്ചമര്‍ത്താനാണ് അവര്‍ ശ്രമിക്കുന്നത്. സംഘടനയിലെ അംഗങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം തന്നെ അതിനുള്ളിലെ പ്രശ്‌നങ്ങള്‍ക്കുള്ള തെളിവല്ലെ. അവര്‍ പല വസ്തുതകളും ഒളിപ്പിക്കുന്നതിനുള്ള തെളിവല്ലെ ഇത്. പ്രശ്‌നങ്ങള്‍ പഠിക്കാന്‍ രൂപവത്കരിച്ച പുതിയ കമ്മിറ്റിയെക്കുറിച്ച് എനിക്ക് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. ഏതെങ്കിലും എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണോ ഇതിനുള്ള തീരുമാനം കൈക്കൊണ്ടത്. അച്ചടക്ക സമിതിക്ക് കീഴെ ഒരു വനിതാ സെല്‍ തുടങ്ങും എന്നു മാത്രമായിരുന്നു കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തിന്റെ തീരുമാനത്തില്‍ പറഞ്ഞിരുന്നത്. അപ്പോള്‍ ഇങ്ങനെയൊരു സെല്‍ എവിടെ നിന്നാണ് പൊട്ടിമുളച്ചത്.

സെക്രട്ടറിയുമായി മാത്രമാണ് നമുക്ക് ബന്ധപ്പെടാന്‍ അവസരമുള്ളത്. അയാളാണെങ്കില്‍ രേഖാമൂലം പരാതി സമര്‍പ്പിക്കാന്‍ സമ്മതിച്ചതുമില്ല. പരാതിക്കാരെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കുകയാണ് അവരുടെ അടവ്. സ്ത്രീകളോട് അതിക്രമം കാട്ടുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നതാവണം സംഘടനയുടെ നടപടി. ആരുടെയെങ്കിലും പ്രതിച്ഛായ മോശമാക്കുകയായിരുന്നില്ല തുറന്ന കത്തിന്റെ ഉദ്ദേശ്യം. നിലവിലെ സംവിധാനം മാറ്റുന്നതിനുള്ള ഒരു മുറവിളി മാത്രമാണത്-ശ്രീദേവിക ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സംഘടനയ്ക്ക് അയച്ച കത്തും ശ്രീദേവിക പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

ഏതാണ്ട് 2006 കാലഘട്ടത്തിലാണ് സംഭവം ഉണ്ടായതെന്ന് ശ്രീദേവിക കത്തില്‍ പറയുന്നു. എന്റെ കരിയറിന്റെ തുടക്കക്കാലമായിരുന്നു അത്. ഒരു ദിവസം പാതിരാത്രി മുറിയുടെ വാതിലില്‍ തുടര്‍ച്ചയായി ആരോ മുട്ടുന്നത് കേട്ടു. പിന്നീടുള്ള മൂന്ന്, നാല് രാത്രികളില്‍ തുടര്‍ച്ചയായി ഇത് ആവര്‍ത്തിച്ചു. ഇതാരാണെന്ന് അറിയാന്‍ ഞാന്‍ ഹോട്ടലിന്റെ റിസപ്ഷനിലേയ്ക്ക് വിളിച്ചു. അത് സംവിധായകന്‍ തന്നെയാണെന്നായിരുന്നു അവരുടെ മറുപടി. അമ്മ ഇക്കാര്യം എന്റെ സഹനടനോട് പറഞ്ഞു. അയാള്‍ എന്നെ അയാള്‍ താമസിക്കുന്ന നിലയിലെ മറ്റൊരു മുറിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഈ സംഭവത്തിനുശേഷം സെറ്റില്‍ വളരെ മോശമായിരുന്നു എന്നോടുള്ള സംവിധായകന്റെ പെരുമാറ്റം. എന്റെ മുഖത്ത് നോക്കുകയോ സംസാരിക്കുകയോ ചെയ്യാറില്ലായിരുന്നു. എനിക്ക് സീനുകളൊന്നും വിശദീകരിച്ചുതരാറില്ല. എന്റെ ഡയലോഗുകളും ഷോട്ടുകളുമെല്ലാം വെട്ടിച്ചുരുക്കി. എന്തുകൊണ്ട്? ഞാന്‍ പാതിരാത്രി വാതില്‍ തുറന്നുകൊടുക്കാത്തതുകൊണ്ടോ? ഇത്തരം അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയാന്‍ സ്ത്രീകള്‍ ലജ്ജിച്ചിരുന്ന 2006ലായിരുന്നു അത്. ഇതിനെ എങ്ങനെ നേരിടണമെന്ന് എനിക്ക് അറിയില്ലായിരുന്നു. എ.എം.എം.എയ്ക്ക് ഒരു പരാതി പരിഹാര സെല്‍ ഇല്ലായിരുന്നു. അതുകൊണ്ട് ഞാന്‍ അത് ഉള്ളിലൊതുക്കി ആ ദുര്‍ദിനങ്ങളിലൂടെ കടന്നുപോവുകയായിരുന്നു. പുതിയ പ്രോജക്റ്റുകള്‍ക്കുവേണ്ടി സമീപിച്ച പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെല്ലാം സിനിമയുടെ കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് മുന്‍പ് തന്നെ നിങ്ങള്‍ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും നടന്മാര്‍ക്കും വഴങ്ങിക്കൊടുക്കാന്‍ തയ്യാറാണോ എന്ന് ചോദിക്കുമായിരുന്നു. എന്തുകൊണ്ടാണ് ഇത്?

എനിക്ക് പ്രതിഫലം മുഴുവനായി ലഭിക്കാതായപ്പോള്‍ ഞാന്‍ സെക്രട്ടറിയെ വിളിച്ചു. എന്നാല്‍, പരാതി കൊടുത്താല്‍ അത് കരിയറിനെ ബാധിക്കും എന്നാണ് സെക്രട്ടറി പറഞ്ഞത്. പുതുക്കക്കാരിയായതിനാല്‍ ഞാന്‍ ഒന്നും മിണ്ടിയില്ല. അടുത്ത സിനിമയ്ക്കും എനിക്ക് പ്രതിഫലം ലഭിച്ചില്ല. മുന്‍ അനുഭവം മനസ്സിലുള്ളതിനാല്‍ ഞാന്‍ എ.എം.എം.എയില്‍ പരാതി നല്‍കിയില്ല. പ്രതിഫലം ലഭിച്ചില്ലെങ്കില്‍ അഭിനയിക്കാന്‍ വരില്ലെന്ന് ഞാന്‍ നിര്‍മാതാവിനോട് പറഞ്ഞു. എന്നാല്‍, സംഘടനയുടെ സെക്രട്ടറി പ്രതിഫലം വാങ്ങാതെ അഭിനയിക്കാനാണ് എന്നോട് പറഞ്ഞത്. ആ സിനിമയുടെ ബാക്കി പകുതി പ്രതിഫലം ഇപ്പോഴും കിട്ടിയിട്ടില്ല.

 കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഓരോ താരത്തിന്റെയും പ്രതിഫലക്കാര്യം പരിഹരിക്കുന്ന കാര്യം സിദ്ദിഖ് പറഞ്ഞു. എന്നാല്‍, എന്റെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. എനിക്ക് വേണ്ടി അവര്‍ ശബ്ദമുയര്‍ത്തിയില്ല. ഇതുപോലെ നിരവധി കേസുകള്‍ ഉണ്ടാകാം. സംഘടനയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വരുത്തിത്തീര്‍ക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. നിര്‍ഭാഗ്യവശാല്‍ ഇത് ആര്‍ക്കും സഹായകരമല്ല- നീതി വൈകുന്നത് നീതിനിഷേധമാണെന്ന് പറഞ്ഞുകൊണ്ടാണ് ശ്രീദേവിക കുറിപ്പ് അവസാനിപ്പിച്ചത്. ഗുരുതരമായ അലോസരം അനുഭവിക്കുന്ന ഒരംഗം എന്നാണ് കത്തില്‍ ശ്രീദേവിക സ്വയം പരിചയപ്പെടുത്തുന്നത്. ശ്രീദേവിക ഇപ്പോള്‍ ദുബായിലാണ് താമസം.

Content Highlights: AMMA Sridevika Mohanlal Jagadheesh Sidhique Malayalam Actress