.എം.എം.എ യുടെ പുതിയ ഭാരവാഹികള്‍ക്കെതിരെ നടിമാരായ പാര്‍വതിയും പത്മപ്രിയയും. പാര്‍വതി അടക്കമുള്ളവരെ മത്സരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്നും ചില ആളുകളെ മുന്‍കൂട്ടി തീരുമാനിച്ച് അവരെ സംഘടനയുടെ തലപ്പത്തേയ്ക്ക് കൊണ്ടുവരികയായിരുന്നെന്നു ഇവര്‍ ആരോപിക്കുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് എ.എം.എം.എയ്ക്കെതിരേ നടിമാര്‍ തുറന്നടിച്ചത്.

മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള പാനലിനെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പാര്‍വതിയെ അനുവദിച്ചില്ല. നോമിനേഷന്‍ നല്‍കുന്ന സമയത്ത് വിദേശത്തായിരിക്കുമെന്ന കാരണം പറഞ്ഞ് അവരെ തിരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കി. പലരുടെയും നോമിനികളെയാണ് സംഘടനയുടെ തലപ്പത്തേക്ക് കൊണ്ടുവന്നതെന്നും തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും ഇവര്‍ ആരോപിക്കുന്നു. 

പല വിഷയങ്ങളിലും ഗൗരവകരമായ നിലപാടെടുക്കാന്‍ സംഘടനയ്ക്കായില്ല. മലയാള സിനിമയിലെ നടിമാര്‍ക്കായി ലൊക്കേഷനുകളില്‍ ശുചിമുറികള്‍ വേണമെന്ന ആവശ്യം പാര്‍വതി സംഘടനയ്ക്കുള്ളില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ആ അഭിപ്രായം വോട്ടിനിട്ട് തീരുമാനമാക്കാം എന്ന നിലപാടാണ് സംഘടന അന്ന് സ്വീകരിച്ചത്. 

വിഷയങ്ങള്‍ എക്സിക്യൂട്ടിവ് കമ്മിറ്റി ചര്‍ച്ച ചെയ്യണം. അങ്ങോട്ടും ഇങ്ങോട്ടുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയാലേ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകൂ. സ്ഥാനാര്‍ഥികളുടെ എണ്ണമനുസരിച്ച് ജനറല്‍ ബോഡിയില്‍ ശബ്ദവോട്ടോടെയോ അല്ലെങ്കില്‍ തിരഞ്ഞെപ്പിലൂടെയോ ഭാരവാഹികളെ തിരഞ്ഞെടുക്കാമെന്നാണ് സംഘടനയുടെ ബൈലോയില്‍ പറയുന്നത്. എന്നാല്‍ 2018-2021 കാലഘട്ടത്തിലേക്കുളള തിരഞ്ഞെടുപ്പില്‍ സംഭവിച്ചത് അതല്ല. എന്തടിസ്ഥാനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതെന്നറിയില്ലെന്നും നടിമാര്‍ പറയുന്നു.

Content highlights : AMMA parvathy padmapriya wcc dileep back to AMMA parvathy against AMMA