താരസംഘടനയായ അമ്മയ്ക്ക് പുതിയ ആസ്ഥാന മന്ദിരം. എറണാകുളം കലൂരാണ് മൂന്ന് നിലകളിലായി പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. മന്ദിരത്തിന്റെ ഉദ്ഘാടനം മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് നിര്‍വഹിച്ചു. 

സംഘടന തുടങ്ങി 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ആസ്ഥാനമന്ദിരം പൂര്‍ത്തീകരിച്ചിരിക്കുന്നത്. മലയാള സിനിമയ്ക്ക് ഒരുപാട് നല്ല കാര്യങ്ങൾ പുതിയ കെട്ടിടത്തിൽ നിന്ന് ലഭിക്കാൻ സാധിക്കട്ടെയെന്ന്  ഉദ്ഘാടന ശേഷം സംസാരിക്കവേ പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. മമ്മൂട്ടിയായിരുന്നു ഉദ്ഘാടനപ്രസംഗകൻ. 'അമ്മ' നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ റിലീസും ചടങ്ങിൽ നടന്നു. 

"25 വർഷമായി ഒരു സംഘടന കൊണ്ടുനടക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. ഒരുപാട് വെല്ലുവിളികളിലൂടെയാണ് സംഘടന മുന്നോട്ട് പോകുന്നത്. 498 അം​ഗങ്ങളുണ്ട് . ഇവരുടെ സ്നേഹവും പിന്തുണയും ഉണ്ടെങ്കിലേ മുന്നോട്ട് പോകാനാവൂ. ഒരുപാട് നല്ല കാര്യങ്ങൾ സംഘടന ചെയ്യുന്നുണ്ട്. കൈനീട്ടം നൽകുന്നുണ്ട്, ഇൻഷുറൻസ് ഉണ്ട്. വീടുകൾ വച്ച് നൽകുന്നുണ്ട്. ഇന്ത്യയിൽ എല്ലാവർക്കും നോക്കിക്കാണാവുന്ന ഒരു സംഘടനയാണ്.

വലിയൊരു ആ​ഗ്രഹമായിരുന്നു ഇത്തരത്തിലുള്ള പ്രസ്ഥാനം. മലയാള സിനിമയ്ക്ക് ഒരുപാട് നല്ല കാര്യങ്ങൾ ഈ ബിൽഡിങ്ങിൽ നിന്ന് ഉണ്ടാകട്ടെ എന്ന് ഞാൻ ഞാൻ പ്രാർഥിക്കുന്നു. ശാരീരികവും മാനസികവും സാമ്പത്തികവുമായി വളരെ പ്രയാസമേറിയ കാലത്തിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്. അതെല്ലാം മാറാൻ‌ നമുക്ക് ഒന്നിച്ച് പ്രാർഥിക്കാം.. ഈയവസരത്തിൽ ഈ സംഘടനയെ ഇത്ര നാളും മുന്നോട്ട് കൊണ്ടു പോയ ഓരോരുത്തരേയും ഞാൻ ഓർക്കുന്നു." മോഹൻലാൽ പറഞ്ഞു

2019 നവംബറിലാണ് കെട്ടിടത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സംഘടനയുടെ ജനറല്‍ ബോഡി ഒഴികെയുള്ള യോഗങ്ങള്‍ക്ക് ഇനി വേദിയാവുക പുതിയ ആസ്ഥാന മന്ദിരം ആയിരിക്കും. 

Content Highlights : Amma office Building inaugurated by Mohanlal and Mammootty In kochi Kaloor